മലപ്പുറം- കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിലേറുന്നതിനായുള്ള ചർച്ചകൾ പുരോഗമിക്കവെ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് തന്നെ പിന്തുണയർപ്പിച്ച് മുസ്ലിം ലീഗ്. പാണക്കാട് നടന്ന സുപ്രധാനമായ പാർട്ടി നേതൃയോഗത്തിന് ശേഷമാണ് നേതാക്കൾ നിലപാട് അറിയിച്ചത്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന ഔദ്യോഗിക തീരുമാനം വന്നാലുടൻ മറ്റു നടപടികളിലേക്ക് കടക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയാണ് യോഗം ചുമതലപ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് അല്പം വൈകുന്നത് ഭരണത്തെ ബാധിക്കില്ലെന്നും ഇത്രയും വലിയൊരു ഉത്തരവാദിത്തത്തിൽ ഹൈക്കമാൻഡ് സമയമെടുത്ത് തീരുമാനിക്കുന്നത് സ്വാഭാവികമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. വരാനിരിക്കുന്നത് യുഡിഎഫ് ഭരണമാണെന്ന് ഉദ്യോഗസ്ഥർക്ക് വ്യക്തമായ ധാരണയുള്ളതിനാൽ അവർ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ഡൽഹിയിൽ നിന്നുള്ള പ്രഖ്യാപനം വന്നാലുടൻ സാദിഖലി തങ്ങൾ ലീഗിന്റെ നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.
മുഖ്യമന്ത്രിയെ തീരുമാനിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് ലീഗ് കടക്കും. ഇത്തവണ അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി തന്നെയാകും മന്ത്രിസഭയിൽ ലീഗിനെ നയിക്കുകയെന്നാണ് സൂചന. ഇവർക്ക് പുറമെ കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ എന്നിവരുടെ പേരുകളും മന്ത്രിസ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്.



