ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചന പ്രതീക്ഷയില്‍ പുതിയ വഴിത്തിരിവ്. നിമിഷ കൊലപ്പെടുത്തിയ ബിസിനസ് പങ്കാളി യെമനി പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബം ദയാ ധനം സ്വീകരിച്ച് നിമിഷയ്ക്ക് മാപ്പു നല്‍കുമോ എന്നറിയാന്‍ ഇറാന്‍ അധികൃതര്‍ തലാലിന്റെ കുടുംബവുമായി ബന്ധപ്പെട്ടതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.
ഇറാന്‍ പിന്തുണയുള്ള ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള യെമന്‍ തലസ്ഥാനമായ സന്‍ആയിലെ ജയിലിലാണ് നിമിഷ ഇപ്പോഴുള്ളത്. ഹൂത്തികളുമായുള്ള നല്ല ബന്ധം ഉപയോഗിച്ചാണ് ഇറാന്‍ നിമിഷയുടെ മോചനത്തിനായി ഇടപെടുന്നത്. ദയാ ധനമായി നല്‍കാന്‍ 30 ല്ക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുക കരുതിവച്ചിട്ടുണ്ട്. കുടുംബവുമായി മാപ്പു ചര്‍ച്ചയ്ക്കായുള്ള ശ്രമങ്ങളാണിപ്പോള്‍ നടത്തി വരുന്നത്. ഒന്നും പറയാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. നടപടിക്രമങ്ങള്‍ കാലതാമസം പിടിക്കുകയോ അല്ലെങ്കില്‍ പെട്ടെന്ന് പൂര്‍ത്തിയാകുകയോ ചെയ്യാമെന്നും ഈ നീക്കവുമായി ബന്ധമുള്ളവരെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.
നിമിഷയുടെ മോചനത്തിന് വേണ്ടി ഇറാന്‍ ഇടപെടാന്‍ തയാറാണെന്ന് കഴിഞ്ഞയാഴ്ച ഒരു മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധിര്‍ ജയ്‌സ്വാള്‍ പറഞ്ഞു. നിമിഷ പ്രിയയുടെ കേസ് സര്‍ക്കാരിന്റെ സജീവ ശ്രദ്ധയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിമിഷ പ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലിമി ശരിവച്ചു എന്ന രീതിയില്‍ കഴിഞ്ഞയാഴ്ച പുറത്തു വന്ന വാര്‍ത്ത് ഇന്ത്യയിലെ യെമന്‍ എംബസി നിഷേധിച്ചിരുന്നു.