ന്യൂദൽലഹി- യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന തരത്തിൽ ഇന്ന് രാവിലെ മുതൽ വിവിധ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
നിമിഷയുടെ ശബ്ദസന്ദേശം
“അരമണിക്കൂർ മുൻപ് ഒരു ഫോൺ കോൾ വന്നു. അതൊരു ലോയർ സ്ത്രീയുടേതാണ്. ജയിൽ ഓഫിസിലേക്കു വിളിച്ചിട്ട് നിമിഷപ്രിയയുമായി സംസാരിക്കണമെന്നു പറഞ്ഞു. ചർച്ചയുടെ കാര്യങ്ങളൊക്കെ എന്തായെന്ന് അവർ ചോദിച്ചു. ഞാൻ പറഞ്ഞു, ഒന്നുമായില്ല, കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോഴാണ് അവർ പറഞ്ഞത് വധശക്ഷിയുടെ ഓർഡർ ഇവിടെ ജയിൽ വരെ എത്തിയിട്ടുണ്ടെന്ന്. ഈദിന്റെ അവധിയൊക്കെ തീരുമ്പോഴേയ്ക്ക് എന്താകുമെന്ന് അറിയില്ല. എല്ലാവരും വളരെ വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്. എന്താണ്? എന്തെങ്കിലും അറിഞ്ഞോ? സാമുവൽ സാറിനോട് ഒന്നു പറഞ്ഞേക്ക്.”
ഈദ് അവധിക്ക് ശേഷം വധശിക്ഷ നടപ്പാക്കിയേക്കുമെന്ന് വനിതാ അഭിഭാഷക അറിയിച്ചു എന്നായിരുന്നു നിമിഷയുടെ സന്ദേശത്തിലുണ്ടായിരുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു അറിയിപ്പും യെമനിലെ കാര്യങ്ങൾ നോക്കുന്ന സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. അതേസമയം, സൻആയിലെ ജയിൽ അധികൃതരും വധശിക്ഷ നടപ്പാക്കുമെന്ന അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. നിമിഷയുടെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന കമ്മിറ്റിയുടെയും നിമിഷയുടെ കുടുംബത്തിന്റെയും അറ്റോർണിയായ സാമുവെൽ ജെറോം ഭാസ്കർ ജയിൽ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.
ഈദ് അവധിക്ക് ശേഷം നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുമെന്ന് അറിയിച്ച് വനിതാ അഭിഭാഷക ബന്ധപ്പെട്ടു എന്നായിരുന്നു നിമിഷ പ്രിയയുടെ സന്ദേശത്തിലുണ്ടായിരുന്നത്. എന്നാൽ ഏത് അഭിഭാഷകയാണ് വിളിച്ചതെന്നോ, ഇവർക്ക് എന്താണ് കേസിലെ പങ്ക് എന്നത് സംബന്ധിച്ചോ വ്യക്തത വന്നിട്ടില്ല. നിമിഷ പ്രിയയുടെ വോയ്സും ടെക്സ്റ്റ് മെസേജും ലഭിച്ചതായി സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ഭാരവാഹി ജയൻ എടപ്പാൾ ദ മലയാളം ന്യൂസിനോട് പറഞ്ഞു.
നിമിഷ പ്രിയയും ഭർത്താവ് ടോമിയും മെസേജ് അയച്ചിരുന്നതായും ജയൻ പറഞ്ഞു. യെമനിലെ ജയിലിലേക്ക് വിളിച്ച വനിത അഭിഭാഷകയാണ് നിമിഷയോട് സംസാരിച്ചത്. അതേസമയം, ഇനിയുള്ള ദിവസങ്ങളിൽ നിമിഷയുടെ മോചനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടണമെന്നും ജയൻ പറഞ്ഞു. യെമനിൽ കൂടിയാലോചനകൾ നടക്കുന്നുണ്ട്. വോയ്സ് സന്ദേശം നിമിഷ പ്രിയയുടേതാണെന്നും അദ്ദേഹം പറഞ്ഞു.