റിയാദ്- സൗദി അറേബ്യയില്‍ കമ്പനികളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പുതിയ വ്യവസ്ഥകള്‍ ഇന്നു മുതല്‍ പ്രാബല്യത്തിലായി. നിലവിലെ നിമയങ്ങളിലെ പൊളിച്ചെഴുത്താണ് വാണിജ്യമന്ത്രാലയത്തിന്റെ പുതിയ വ്യവസ്ഥകള്‍. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി വെബ്‌സൈറ്റ് തന്നെ ഡൗണായിരുന്നു. ഇന്നാണ് പുനഃസ്ഥാപിച്ചത്.
ഒരു സ്ഥാപനത്തിനോ കമ്പനിക്കോ വിവിധ പ്രദേശങ്ങളില്‍ ബ്രാഞ്ചുകള്‍ തുറക്കാന്‍ ഇതുവരെ അതത് പ്രദേശത്തേക്ക് മാത്രം പ്രത്യേക രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല. ഒരു സ്ഥാപനത്തിന് സൗദിയില്‍ ഒരു രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ അനുവദിക്കുകയുള്ളൂ. നേരത്തെയുണ്ടായിരുന്ന ബ്രാഞ്ച് സര്‍ട്ടിഫിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യുകയും വേണം. ഇനി മുതല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഇഷ്യു ചെയ്ത സ്ഥലത്തിന്റെ പേര് ഉണ്ടാവില്ല.
സര്‍ട്ടിഫിക്കറ്റുകള്‍ അഞ്ചുവര്‍ഷം വരെ പുതുക്കാനുള്ള ഒപ്ഷനും എടുത്തുകളഞ്ഞു. പകരം എല്ലാ വര്‍ഷവും 90 ദിവസത്തിനുള്ളില്‍ ഡാറ്റകള്‍ അപ്‌ഡേറ്റ് ചെയ്യണം. ഇല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് സ്വമേധയാ കാന്‍സല്‍ ആകും. പിന്നീട് പിഴയും ഫീസും അടച്ച ശേഷമേ പുതുക്കാനാകൂ. ഓരോ സ്ഥാപനത്തിനും സ്വന്തമായി ബാങ്ക് എകൗണ്ടും ഇനി മുതല്‍ നിര്‍ബന്ധമാണ്. ഈ എകൗണ്ട് ഓണ്‍ലൈന്‍ വഴി വെരിഫിക്കേഷന്‍ നടത്തും.
അഞ്ച് വര്‍ഷം കൊണ്ട് എല്ലാ സ്ഥാപനങ്ങളും ബ്രാഞ്ച് സര്‍ട്ടിഫിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യണം.
അതേസമയം ഇതുവരെ സൗദിയില്‍ അറബ്യയില്‍ അറബി ഭാഷയില്‍ മാത്രമേ സ്ഥാപനങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. വിദേശകമ്പനികള്‍ക്ക് അവരുടെ ബ്രാഞ്ചുകള്‍ തുറക്കുമ്പോള്‍ അതേ പേര് ലഭിച്ചിരുന്നുവെങ്കിലും സൗദിയില്‍ സ്ഥാപനം തുടങ്ങുമ്പോള്‍ അത് സാധ്യമായിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ ഇംഗ്ലീഷില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. അക്ഷരങ്ങളും അക്കങ്ങളും പേരുകളില്‍ ഉപയോഗിക്കുകയുമാവാം. ഒരു സ്ഥാപനത്തിന്റെ പേര് മറ്റൊരു സ്ഥാപനത്തിന് ഉപയോഗിക്കാന്‍ അനുവദിക്കില്ല. വ്യക്തികളുടെയോ കുടുംബത്തിന്റെയോ സ്ഥലങ്ങളുടെയോ നാമങ്ങള്‍ ഉപയോഗിക്കുന്നതിനും നിബന്ധനകളുണ്ട്.