ജിദ്ദ – സൗദിയില്‍ കാര്‍ പാര്‍ക്കിംഗുകള്‍ക്ക് പുതിയ വ്യവസ്ഥകള്‍ ബാധകമാക്കാന്‍ മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയത്തിന് നീക്കം. ഇതുമായി ബന്ധപ്പെട്ട കരടു നിയമാവലി പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ നിര്‍ദേശങ്ങള്‍ക്കായി പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ മന്ത്രാലയം പരസ്യപ്പെടുത്തി. ഉപയോഗയോഗ്യമായ ഇ-പെയ്‌മെന്റ് സംവിധാനം ഉണ്ടായിരിക്കല്‍, വാഹന ഗതാഗതത്തെ ബാധിക്കാതിരിക്കല്‍, നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കല്‍, മോഷണം, മറ്റു നാശനഷ്ടങ്ങള്‍ പോലുള്ളവയുടെ ഉത്തരവാദിത്തം വഹിക്കല്‍ എന്നിവയാണ് കരടു നിയമാവലിയിലെ പ്രധാന വ്യവസ്ഥകള്‍.
വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും മുന്നിലും പബ്ലിക് പാര്‍ക്കിംഗുകളിലും വാഹനങ്ങള്‍ നിര്‍ത്തുന്നത് വിലക്കിയുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കരുത്. അതേസമയം, സ്ഥാപനങ്ങള്‍ക്കു വേണ്ടി പ്രത്യേകം നീക്കിവെച്ച പാര്‍ക്കിംഗുകള്‍ക്ക് ഇത് ബാധകമല്ല.
ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തണം. ലഭ്യമായ ഇ-പെയ്‌മെന്റ് ഓപ്ഷനുകള്‍ വ്യക്തമാക്കുന്ന സ്റ്റിക്കര്‍ പാര്‍ക്കിംഗ് കൗണ്ടറിനു മുന്നില്‍ പതിക്കല്‍ നിര്‍ബന്ധമാണ്. വ്യക്തികളുടെയും സമൂഹത്തിന്റെയും അഭിലാഷങ്ങള്‍ നിറവേറ്റുന്ന നിലക്ക് ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും പാര്‍ക്കിംഗ് മേഖലയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാനും റെസ്‌റ്റോറന്റുകള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍ പോലുള്ള സ്ഥാപനങ്ങളെ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ പ്രാപ്തമാക്കാനുമാണ് പുതിയ വ്യവസ്ഥകളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
പാര്‍ക്കിംഗ് സേവനം ആരംഭിക്കുന്നതിനു മുമ്പായി നഗരസഭയില്‍നിന്ന് ലൈസന്‍സ് നേടലും സൂപ്പര്‍വൈസിംഗ് അതോറിറ്റി നിശ്ചയിട്ടുള്ള മുഴുവന്‍ പ്രവര്‍ത്തന വ്യവസ്ഥകളും പാലിക്കലും നിര്‍ബന്ധമാണ്. ലൈസന്‍സിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ക്കിംഗുകളില്‍ വിലക്കുണ്ട്. ലൈസന്‍സ് കാലാവധി അവസാനിച്ച ശേഷം പാര്‍ക്കിംഗ് പ്രവര്‍ത്തിപ്പിക്കുന്നതിനും വിലക്കുണ്ട്. ലൈസന്‍സ് പ്രകാരമുള്ള സ്ഥലപരിധിക്ക് പുറത്ത് പാര്‍ക്കിംഗ് സേവനം നല്‍കുന്നതിനും പബ്ലിക് ഫുട്പാത്തുകള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.