കൊളംബോ- ശ്രീലങ്കയുടെ സ്വാതന്ത്രാനന്തര ചരിത്രത്തിലെ ആദ്യ കമ്യൂണിസ്റ്റ് പ്രസിഡന്റായി നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവ് അനുര കുമാര ദിസനായകെ അധികാരത്തിലേക്ക്. ഏറ്റവും കൂടുതല്‍ ശതമാനം വോട്ട് നേടിയ ദിസനായകെയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 42.31 ശതമാനം വോട്ടാണ് ദിസനായകെ നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ നിലവിലെ പ്രതിപക്ഷ നേതാവും സാമാജി ജന ബലവെഗാ പാര്‍ട്ടി നേതാവുമായ സജിത്ത് പ്രേമദാസയ്ക്ക് 41.21 ശതമാനം വോട്ട് ലഭിച്ചു. നിലവിലെ പ്രസിഡന്റും യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവുമായ റനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്താണ് എത്തിയത്.
ആദ്യ റൗണ്ടിൽ ആർക്കും വിജയമില്ലാത്തതിനെ തുടർന്നാണ് രണ്ടാം ഘട്ട വോട്ടെണ്ണൽ നടന്നത്. ആദ്യഘട്ട വോട്ടെണ്ണലില്‍ ആര്‍ക്കും 50 ശതമാനം വോട്ട് നേടാനായില്ല. തുടർന്ന് രണ്ടാം ഘട്ട വോട്ടെണ്ണലും നടന്നു. ഇതിലും ആർക്കും അമ്പത് ശതമാനം നേടാനായില്ല. തുടർന്നാണ് ഏറ്റവും കൂടുതൽ വോട്ട് നേടിയ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത്.
ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയത്. ആദ്യഘട്ട വോട്ടെണ്ണലിലും ദിസനായകെയാണ് ലീഡ് ചെയ്തത്. 5,634,915 വോട്ട് നേടി 42.30 വോട്ട് ശതമാനത്തോടെയാണ് ദിസനായകെ ആദ്യ റൗണ്ടില്‍ ഒന്നാമതെത്തിയത്. സജിത്ത് പ്രേമദാസ 32.76 ശതമാനം വോട്ടുനേടിയിരുന്നു.
അഴിമതി തുടച്ചുനീക്കി, പഴയ രാഷ്ട്രീയ സംസ്‌കാരങ്ങളെ ഇല്ലാതാക്കുമെന്ന പ്രഖ്യാപനവുമായാണ് ദിസനായകെ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്. ഒരിക്കൽ പോലും ശ്രീലങ്കൻ ഭരണത്തിന്റെ ഭാഗമാകാത്ത പാർട്ടിയാണ് ജനതാ വിമുക്തി പെരുമന (ജെവിപി). മാർക്‌സിസമാണ് തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്ന് പറയുന്ന ജെവിപി രണ്ടുതവണയാണ് ലങ്കയിൽ ഭരണകൂടത്തിനെതിരെ കലാപങ്ങൾക്ക് നേതൃത്വം നൽകിയത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാരമ്പര്യമില്ലാത്ത 55 കാരനായ ദിസനായകെ, വോട്ടെണ്ണലിന്റെ തുടക്കം മുതൽ ഒടുക്കം വരെ ഒന്നാം സ്ഥാനത്തായിരുന്നു.
“നമുക്ക് ഈ രാജ്യത്തെ മാറ്റാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, നമുക്ക് സുസ്ഥിരമായ ഒരു സർക്കാർ കെട്ടിപ്പടുക്കാൻ കഴിയും … മുന്നോട്ട് പോകാം. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു സ്ഥാനമല്ല, ഉത്തരവാദിത്തമാണ്,” വിജയത്തിന് ശേഷം ദിസനായകെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“മിസ്റ്റർ പ്രസിഡൻ്റ്, ഞങ്ങൾ രണ്ടുപേരും വളരെ സ്‌നേഹിക്കുന്ന ശ്രീലങ്ക എന്ന് വിളിക്കപ്പെടുന്ന പ്രിയപ്പെട്ട കുഞ്ഞിനെ ഞാൻ വളരെ സ്‌നേഹത്തോടെ നിങ്ങൾക്ക് കൈമാറുന്നു,” 75 കാരനായ വിക്രമസിംഗെ പരാജയം സമ്മതിച്ചുകൊണ്ട് പ്രസ്താവനയിൽ പറഞ്ഞു.