പാരീസ്- ഫ്രഞ്ച് പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച ന്യൂ പോപ്പുലർ ഫ്രണ്ട് (എൻഎഫ്‌പി) സഖ്യം ഏറ്റവും കൂടുതൽ സീറ്റുകൾ നേടുമെന്ന് സർവേ ഫലം. ഫ്രാൻസിന്റെ ഭരണത്തിലേറുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന തീവ്ര വലതുപക്ഷ കക്ഷിയായ നാഷണൽ റാലിയെയും നിലവിലുള്ള പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നേതൃത്വത്തിലുള്ള റിനേസൺസ് പാർട്ടിയെയും പിന്തള്ളിയാണ് ഇടതുപക്ഷത്തിന്റെ മുന്നേറ്റം. എന്നാൽ ഒറ്റക്ക് ഭരിക്കാനുള്ള കേവലഭൂരിപക്ഷം നേടാൻ ന്യൂ പോപ്പുലർ ഫ്രണ്ടിന് സാധിക്കില്ലെന്നും സർവേ ഫലം വ്യക്തമാക്കുന്നു.
അതേസമയം, നാളെ രാവിലെ പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന് രാജി സമർപ്പിക്കുമെന്ന് പ്രധാനമന്ത്രി ഗബ്രിയേൽ അടൽ പറഞ്ഞു. രാജ്യത്ത് ഒളിംപിക്സ് അടക്കമുള്ള സുപ്രധാന പരിപാടികൾ നടക്കാനുള്ളതിനാൽ ആവശ്യപ്പെടുന്ന കാലത്തോളം പദവിയിൽ ആവശ്യമെങ്കിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് പൗരന്മാർ ന്യൂ പോപ്പുലർ ഫ്രണ്ടിൽ വിശ്വാസം അർപ്പിച്ചിട്ടുണ്ടെന്നും സഖ്യം ഭരിക്കാൻ തയ്യാറാണെന്നും സഖ്യത്തിന്റെ നേതാവ് ജീൻ-ലൂക് മെലെൻചോൺ പറഞ്ഞു.
അതേസമയം നാളെ പ്രഖ്യാപിക്കാനിരിക്കുന്ന വിജയത്തിൻ്റെ വിത്തുകൾ ഇന്നത്തെ ഫലത്തിൽ താൻ കണ്ടെന്നും ദേശീയ റാലിയുടെ വിജയം സുനിശ്ചതമാണെന്നും തീവ്രവലതുപക്ഷ നേതാവ് മറൈൻ ലെ പെൻ പറഞ്ഞു. ആർക്കും കേവലഭൂരിപക്ഷം ലഭിക്കാത്ത സഹചര്യത്തിൽ തീവ്രവലതുപക്ഷത്തെ അധികാരത്തിൽനിന്ന് മാറ്റി നിർത്താൻ ന്യൂ പോപ്പുലർ ഫ്രണ്ടും മാക്രോണിന്റെ റിനേസൺസ് പാർട്ടിയും കൈ കോർക്കുമെന്നും സൂചനയുണ്ട്.
വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ ഫ്രാൻസ് രാഷ്ട്രീയ അസ്ഥിരാവസ്ഥയിലേക്ക് പോകുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രധാന നാറ്റോ ഉച്ചകോടി രണ്ടു ദിവസത്തിന് ശേഷം നടക്കാനിരിക്കുകയാണ്. പാരീസ് ഒളിംപിക്സിന് മൂന്നാഴ്ച മാത്രമാണ് ശേഷിക്കുന്നത്.
ഇടതുപക്ഷ ഗ്രൂപ്പ് 172 നും 215 നും ഇടയിൽ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. പ്രസിഡൻ്റിൻ്റെ സഖ്യം 150 മുതൽ 180 വരെ സീറ്റുകൾ സ്വന്തമാക്കും. അതേസമയം, ഭരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന തീവ്രവലതുപക്ഷം 115 മുതൽ 155 വരെ സീറ്റുകൾ നേടുമെന്നും പ്രവചനമുണ്ട്. 577 അംഗ പാർലമെന്റാണ് ഫ്രാൻസിനുള്ളത്.
വിജയം പ്രവചിക്കപ്പെട്ടതോടെ പാരീസിലെ സ്റ്റാലിൻഗ്രാഡ് സ്ക്വയറിൽ, ഇടതുപക്ഷത്തെ അനുകൂലിക്കുന്നവർ ഒത്തുകൂടി ആഹ്ലാദാരവങ്ങൾ മുഴക്കി. കിഴക്കൻ പാരീസിലെ റിപ്പബ്ലിക്ക് പ്ലാസയിലും സന്തോഷത്തിൻ്റെ ആർപ്പുവിളികൾ മുഴങ്ങി.
ഫ്രാൻസിന്റെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഉക്രെയ്നിലെ യുദ്ധത്തെയും ആഗോള നയതന്ത്രത്തെയും യൂറോപ്പിൻ്റെ സാമ്പത്തിക സ്ഥിരതയെയും സ്വാധീനിക്കുമെന്നാണ് കണക്കാക്കുന്നത്.
ഗവൺമെൻ്റ് രൂപീകരിക്കാൻ പ്രധാനമന്ത്രിയെ ക്ഷണിക്കാൻ തിരക്കുകൂട്ടില്ലെന്ന് മാക്രോണിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ സൂചിപ്പിച്ചു. ഫലങ്ങൾ വരുന്നത് താൻ വീക്ഷിക്കുകയാണെന്നും ഫ്രഞ്ചുകാരുടെ പരമാധികാര തിരഞ്ഞെടുപ്പിനെ മാനിച്ചുകൊണ്ട് “ആവശ്യമായ തീരുമാനങ്ങൾ” എടുക്കുന്നതിന് മുമ്പ് പുതിയ ദേശീയ അസംബ്ലി രൂപപ്പെടുന്നതുവരെ കാത്തിരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.