റിയാദ് – തലസ്ഥാന നഗരിയെ പച്ചപുതപ്പിക്കാന്‍ ആധുനിക സൗദി അറേബ്യയുടെ ശില്‍പി അബ്ദുല്‍ അസീസ് രാജാവിന്റെ നാമധേയത്തില്‍ പുതിയ പാര്‍ക്ക് വരുന്നു. പാര്‍ക്കിന്റെ നിര്‍മാണ ജോലികള്‍ ആരംഭിച്ചതായി റിയാദ് റോയല്‍ കമ്മീഷന്‍ അറിയിച്ചു. റിയാദ് ഗ്രീന്‍ ഇനീഷ്യേറ്റീവുകളുടെ ഭാഗമായി റിയാദില്‍ നടപ്പാക്കുന്ന ഏറ്റവും വലിയ പാര്‍ക്കുകളില്‍ ഒന്നാണിത്.
കിരീടാവകാശിയും പ്രധാനമന്ത്രിയും റിയാദ് റോയല്‍ കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പുതിയ പാര്‍ക്കിന് അബ്ദുല്‍ അസീസ് രാജാവിന്റെ പേര് നല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിക്കുകയായിരുന്നു. 43 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ 36 മാസമെടുക്കും.
ഉത്തര റിയാദില്‍ കിംഗ് സല്‍മാന്‍ റോഡിന് വടക്കും പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ റോഡിന് പടിഞ്ഞാറും പ്രിന്‍സ് ബദ്ര്‍ ബിന്‍ അബ്ദുല്‍ മുഹ്‌സിന്‍ റോഡിന് കിഴക്കും അനസ് ബിന്‍ മാലിക് റോഡിന് തെക്കുമാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.
കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, പ്രിന്‍സസ് നൂറ യൂനിവേഴ്‌സിറ്റി എന്നിവ അടക്കമുള്ള പ്രധാന സ്ഥാപനങ്ങള്‍ക്കു സമീപമാണ് എന്നത് പാര്‍ക്കിന്റെ സവിശേഷതയാണ്. പാര്‍ക്കിനെ റെയില്‍വെ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിനാല്‍ നഗരത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും എളുപ്പത്തില്‍ പാര്‍ക്കില്‍ എത്തിച്ചേരാന്‍ സന്ദര്‍ശകര്‍ക്ക് സാധിക്കും.
സുസ്ഥിരതാ മാനദണ്ഡങ്ങളും പരിസ്ഥിതി വ്യവസ്ഥകളും സാക്ഷാല്‍ക്കരിക്കുന്ന നിലക്ക് നാലു ബഹുരാഷ്ട്ര കമ്പനികള്‍ സമര്‍പ്പിച്ച ഏറ്റവും മികച്ച ആശയങ്ങളില്‍ നിന്നും രൂപകല്‍പനകളില്‍ നിന്നുമാണ് പാര്‍ക്ക് ഡിസൈന്‍ അംഗീകരിച്ചത്. പ്രാദേശിക പരിസ്ഥിതിയെ കണക്കിലെടുക്കുന്ന ഒരു വ്യതിരിക്തമായ രൂപകല്‍പനയെ അടിസ്ഥാനമാക്കിയുള്ള ഡിസൈന്‍ ആണ് പാര്‍ക്കിന് തെരഞ്ഞെടുത്തിരിക്കുന്നത്. വൃക്ഷങ്ങളുടെ ഇനങ്ങളിലും അനുബന്ധ ഡിസൈനുകളിലും ആറു പാറ്റേണുകള്‍ ഈ രൂപകല്‍പന നല്‍കുന്നു. ഇതില്‍ ഏറ്റവും പ്രധാനം ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍ ആണ്. പാര്‍ക്കിന്റെ മധ്യഭാഗത്ത് രണ്ടു ലക്ഷം ചതുരശ്രമീറ്ററിലേറെ വിസ്തൃതിയുള്ള പ്രദേശത്ത് സ്ഥാപിക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 200 ലധികം പ്രാദേശിക സസ്യങ്ങളുണ്ടാകും. 11 കിലോമീറ്ററിലേറെ നീളവും 7,70,000 ചതുരശ്രമീറ്ററിലധികം വിസ്തൃതിയുമുള്ള, അല്‍സുലൈ വാദിയില്‍ നിന്ന് തിരിഞ്ഞുപോകുന്ന ശുഅയ്ബ് അല്‍മൂന്‍സിയ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ഭാഗമായി പ്രയോജനപ്പെടുത്തും. സുസ്ഥിര രൂപകല്‍പനകളുള്ള വാണിജ്യ കെട്ടിടങ്ങളും രണ്ടു കിലോമീറ്ററിലേറെ നീളമുള്ള പനോരമിക് പാതയും ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ പ്രത്യേകതയാണ്.
വ്യത്യസ്ത മരങ്ങളും കുറ്റിച്ചെടികളും തെരഞ്ഞെടുത്ത് ജൈവവൈവിധ്യം വര്‍ധിപ്പിക്കാനും പക്ഷികള്‍ക്കും ചിത്രശലഭങ്ങള്‍ക്കും ആകര്‍ഷകമായ അന്തരീക്ഷം സൃഷ്ടിക്കാനും രൂപകല്‍പന ചെയ്ത ഉയര്‍ന്ന പ്രദേശങ്ങള്‍, സമതലങ്ങള്‍, പീഠഭൂമികള്‍, മരുഭൂമി ഉദ്യാനങ്ങള്‍ എന്നിവ പാര്‍ക്കിലെ മറ്റു അഞ്ചു ഡിസൈന്‍ പാറ്റേണുകളില്‍ ഉള്‍പ്പെടുന്നു. റിയാദ് നഗരത്തിന്റെ പരിസ്ഥിതിക്ക് ഇണങ്ങുന്ന, ശ്രദ്ധാപൂര്‍വം തെരഞ്ഞെടുത്ത 20 ലക്ഷത്തിലധികം മരങ്ങളും കുറ്റിച്ചെടികളും നട്ടുപിടിപ്പിച്ച് പാര്‍ക്കിന്റെ വിസ്തൃതിയുടെ 65 ശതമാനം സ്ഥലത്തും മരണത്തണല്‍ ഒരുക്കും.
പാര്‍ക്കിലെ ജലസേചന ആവശ്യങ്ങള്‍ക്ക് പുനഃചംക്രമണം ചെയ്ത വെള്ളമാണ് ഉപയോഗിക്കുക. പാര്‍ക്കില്‍ 11 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ജല പ്രദലങ്ങളും താഴ്‌വരകളുമുണ്ടാകും. കാല്‍നടയാത്രക്കാര്‍ക്കു വേണ്ടിയുള്ള പാതകള്‍ക്ക് ആകെ 115 കിലോമീറ്റര്‍ നീളമുണ്ടാകും. 30 സ്‌പോര്‍ട്‌സ് ഏരിയകളും കുട്ടികള്‍ക്കുള്ള 24 പ്ലേ ഏരിയകളും സാംസ്‌കാരിക കേന്ദ്രങ്ങളും ഓപ്പണ്‍ തിയേറ്ററുകളും റെസ്റ്റോറന്റുകളും മറ്റും ഇവിടെയുണ്ടാകും.