ജിദ്ദ – ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അടുത്തിടെ മികച്ച വിജയം നേടിയ ലോകോത്തര കോച്ചിനെ അടുത്ത സീസണില്‍ അല്‍ഹിലാല്‍ ക്ലബ്ബ് പരിശീലകനായി നിയമിക്കാന്‍ അല്‍ഹിലാല്‍ മാനേജ്‌മെന്റ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. പോര്‍ച്ചുഗീസ് പരിശീലകന്‍ നുനോ എസ്പിരിറ്റോ സാന്റോയെ അല്‍ഹിലാല്‍ ക്ലബ് കോച്ച് ആയി നിയമിക്കാനാണ് ശ്രമം. നിലവില്‍ നോട്ടിംഗ്ഹാം ഫോറസ്റ്റ് ക്ലബ്ബ് പരിശീലകനായ നുനോ എസ്പിരിറ്റോ സാന്റോ മുന്‍ അല്‍ഇത്തിഹാദ് ടെക്‌നിക്കല്‍ മാനേജരായിരുന്നു. നിലവിലെ സീസണ്‍ അവസാനിച്ച ശേഷം അല്‍ഹിലാല്‍ ക്ലബ്ബ് ടീമിനെ നയിക്കാന്‍ നുനോ എസ്പിരിറ്റോ സാന്റോയെ നിയോഗിക്കാനാണ് അല്‍ഹിലാല്‍ ക്ലബ്ബ് മാനേജ്‌മെന്റ് മുന്‍ഗണന നല്‍കുന്നത്.
50 കാരനായ നുനോ എസ്പിരിറ്റോ സാന്റോ 2022 ജൂലൈയിലാണ് അല്‍ഇത്തിഹാദ് ക്ലബ്ബിന്റെ നേതൃത്വം ഏറ്റെടുത്തത്. എന്നാല്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് 2023 നവംബറില്‍ പുറത്താക്കപ്പെടുകയായിരുന്നു. സൗദി പ്രൊഫഷണല്‍ ലീഗില്‍ പരിശീലകനായി തിരിച്ചെത്താനും തന്റെ നാട്ടുകാരനായ ജോര്‍ജ് ജീസസിന് പകരക്കാരനായി അല്‍ഹിലാലില്‍ ചുമതലയേല്‍ക്കാനും പോര്‍ച്ചുഗീസ് പരിശീലകന്‍ ഇതിനകം സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു.
2025 ക്ലബ് വേള്‍ഡ് കപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി അല്‍ഹിലാല്‍ മാനേജ്മെന്റ് പുതിയ പരിശീലകനുമായി കരാറില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുകയാണ്. സ്‌പെയിനിലെ റയല്‍ മാഡ്രിഡ്, മെക്‌സിക്കോയിലെ പച്ചൂക്ക, ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗ് എന്നീ ക്ലബ്ബുകള്‍ അടങ്ങുന്ന ഗ്രൂപ്പിലാണ് അല്‍ഹിലാല്‍ ഉള്‍പ്പെടുന്നത്. അടുത്ത സീസണില്‍ അല്‍അഹ്‌ലി ക്ലബ്ബ് പരിശീലക സ്ഥാനത്തേക്കും നുനോ സാന്റോയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.