വൈറല്‍ കൊണ്ടന്റുകളെടുത്ത് ‘സ്വന്തമാക്കി’ അവ റീല്‍സും മീംസും വിഡിയോസുമെല്ലാമാക്കി റീപോസ്റ്റ് ചെയ്യുന്ന ക്രിയേറ്റേഴ്‌സിനെ ഒതുക്കാന്‍ അണിയറയില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുകയാണ് ഇന്‍സ്റ്റഗ്രാം. കൂടുതല്‍ ഫോളോവേഴ്‌സുള്ള വലിയ ക്രിയേറ്റേഴ്‌സിനും അക്കൗണ്ടുകള്‍ക്കുമാണ് ഇപ്പോള്‍ ഇന്‍സ്റ്റയില്‍ കൂടുതല്‍ റീച്ച് കിട്ടുന്നത്. ഇവര്‍ കാരണം തങ്ങളുടെ റീച്ചിനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ചെറുകിട ക്രിയേറ്റേഴ്‌സിനു പരാതിയുണ്ടായിരുന്നു. എല്ലാവര്‍ക്കും തുല്യ അവസരം നല്‍കുന്നതിനാണ് ഇപ്പോള്‍ ഇന്‍സ്റ്റ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ഒറിജിനല്‍ കൊണ്ടന്റുകള്‍ ചെയ്യുന്നവരേയും ചെറിയ ക്രിയേറ്റേഴ്‌സിനേയും പ്രോത്സാഹിപ്പിക്കുന്നതിനും റീപോസ്റ്റ് ചെയ്യുന്ന ക്രിയേറ്റേഴ്‌സിനെ അവഗണിക്കാനുമാണ് ഇന്‍സ്റ്റ തങ്ങളുടെ അല്‍ഗൊരിതത്തില്‍ പുതിയ റാങ്കിങ് സംവിധാനം നടപ്പിലാക്കുന്നത്. വരും മാസങ്ങളില്‍ ഇന്‍സ്റ്റയില്‍ ഈ മാറ്റങ്ങള്‍ കണ്ടു തുടങ്ങും.
ഒറിജനല്‍ കൊണ്ടന്റുകള്‍ അത് ആസ്വദിക്കുമെന്ന് ഉറപ്പുള്ള ചെറിയൊരു വിഭാഗം ഓഡിയന്‍സിലേക്ക് ആദ്യം എത്തിക്കും. ഇവയില്‍ കൂടുതല്‍ എന്‍ഗേജ്മന്റ് ലഭിച്ച റീല്‍സ് കുറച്ചു കൂടി വലിയൊരു വിഭാഗം ഓഡിയന്‍സിലേക്ക് എത്തിക്കും. ഇവയില്‍ നിന്ന് ഏറ്റവും മികച്ച കൊണ്ടന്റ് കൂടുതല്‍ വിശാലമായ ഓഡിയന്‍സിലേക്കും എത്തിക്കുന്ന രീതിയിലാണ് പുതിയ റാങ്കിങ് സിസ്റ്റം പ്രവര്‍ത്തിക്കുക. ഇതു നടപ്പിലാകുന്നതോടെ സജസ്റ്റഡ് ആയി നാം കാണുന്ന വിഡിയോകള്‍ കൂടുതലും ഒറിജിനല്‍ കൊണ്ടന്റുകളായിരിക്കും. റീപോസ്റ്റ് ചെയ്യപ്പെടുന്ന കൊണ്ടന്റുകള്‍ താഴെ പോകും. പരിഗണന ലഭിക്കില്ല. ഇത് വലിയ ക്രിയേറ്റേഴ്‌സിനും ഒറിജിനല്‍ കൊണ്ടന്റുകള്‍ ചെയ്യുന്ന ചെറുകിട ക്രിയേറ്റേഴ്‌സിനും തുല്യ അവസരം നല്‍കും.
കൂടാതെ മറ്റ് അക്കൗണ്ടുകളില്‍ നിന്നെടുത്ത വിഡിയോ വീണ്ടും പോസ്റ്റ് ചെയ്യപ്പെടുന്ന കൊണ്ടന്റുകള്‍ക്കൊപ്പം ഇത് ഒറിജനലല്ല, റീപോസ്റ്റാണ് എന്ന ലേബലും ഒപ്പം ഒറിജിനല്‍ ക്രിയേറ്ററുടെ ലിങ്കും കാണിക്കും. ഇത് റീപോസ്റ്റുകള്‍ പതിവായി ചെയ്യുന്നവര്‍ക്ക് തിരിച്ചടിയാകും. തുടക്കത്തില്‍ ഈ ലേബല്‍ നീക്കം ചെയ്യാന്‍ ഒറിജിനല്‍ ക്രിയേറ്റര്‍ക്ക് സാധിക്കും.
എന്നാല്‍ ഭാവിയില്‍ ഈ ഒപ്ഷനും നിര്‍ത്തുമെന്നും ഇന്‍സ്റ്റഗ്രാം മുന്നറിയിപ്പു നല്‍കുന്നു. റെക്കമെന്റേഷന്‍സില്‍ നിന്ന് കൊണ്ടന്റ് അഗ്രഗേറ്റേഴ്‌സിനേയും നീക്കം ചെയ്യും. ഒന്നിലേറെ കൊണ്ടന്റുകള്‍ സമാന രൂപത്തില്‍ കണ്ടാല്‍ ഇന്‍സ്റ്റഗ്രാം ആദ്യം പോസ്റ്റ് ചെയ്ത കൊണ്ടന്റിനെ മാത്രമെ ഒറിജിനല്‍ ആയി പരിഗണിക്കുകയും സജസ്റ്റഡ് ആയി കൂടുതല്‍ പേരിലെത്തിക്കുകയും ചെയ്യൂ. റീപോസ്റ്റുകളുടെ കാര്യത്തില്‍ കാര്യമായ എഡിറ്റ് നടത്തി, മീമോ പാരഡിയോ ആക്കി മാറ്റിയിട്ടുണ്ടെങ്കില്‍ പുതിയ മാറ്റങ്ങള്‍ കാര്യമായി ബാധിക്കില്ല. വിഡിയോയില്‍ കാര്യമായി മാറ്റങ്ങളോ എഡിറ്റുകളോ ഇല്ലാതെ സ്ഥിരമായി റീപോസ്റ്റ് ചെയ്യുന്ന മീം, പാരഡി അക്കൗണ്ടുകളുടെ റീച്ചും ഇന്‍സ്റ്റ കുറയ്ക്കും.