അലിയൻസ് അറീന(ജർമനി)- റൊമാനിയക്ക് എതിരായ പോരാട്ടത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് വിജയിച്ച് നെതർലാന്റ് യൂറോ കപ്പ് ഫുട്ബോളിന്റെ ക്വാർട്ടറിൽ പ്രവേശിച്ചു. ഡോണി മലേന്റെ ഇരട്ട ഗോളുകളും ഗാക്പോയുടെ ഗോളുമാണ് ഡച്ച് പടയുടെ വിജയം നിശ്ചയിച്ചത്. ഗോളെന്ന് ഉറപ്പിച്ച നിരവധി അവസരങ്ങൾ നെതർലാന്റ് താരങ്ങൾ പുറത്തേക്ക് അടിച്ചുകളയുകയോ റൊമാനിയൻ പ്രതിരോധത്തിൽ തട്ടിത്തകരുകയോ ചെയ്തിരുന്നില്ലെങ്കിൽ ഗോളിന്റെ എണ്ണം ഇതിലും കൂടുമായിരുന്നു. മറുവശത്ത് റൊമാനിയയും എണ്ണം പറഞ്ഞ മുന്നേറ്റങ്ങൾ കാഴ്ചവെച്ചെങ്കിലും നെതർലാന്റിന്റെ പ്രതിരോധം പൊളിക്കാനായില്ല.
രണ്ടാമത്തെ മിനിറ്റു മുതൽ തുടങ്ങിയ അക്രമണം ഫൈനൽ വിസിൽ വരെ നീണ്ടുനിന്നു എന്നതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. മൂന്നാമത്തെ മിനിറ്റിൽ ലഭിച്ച പന്ത് റൊമാനിയൻ താരം നെതർലന്റിന്റെ ബോക്സിൽ എത്തിച്ചെങ്കിലും പ്രതിരോധത്തിൽ തടഞ്ഞുനിന്നു. മത്സരത്തിന്റെ തുടക്കത്തിൽ അപകടകരമായ മുന്നേറ്റങ്ങൾ നടത്തിയ റൊമാനിയ ആയിരുന്നു. പതിനാലാമത്തെ മിനിറ്റിൽ ബോക്സ് വരെ എത്തിയ റൊമാനിയൻ മുന്നേറ്റത്തിനും ഫലമുണ്ടായില്ല.
ഇരുപതാമത്തെ മിനിറ്റിൽ നെതർലാന്റിന്റെ കോഡി ഗാക്‌പോ ഗോൾ നേടി. തുടക്കത്തിലെ പതർച്ചക്ക് ശേഷമായിരുന്നു ഈ ഗോൾ. ബോക്‌സിൻ്റെ ഇടതുവശത്തുനിന്ന് ലഭിച്ച പന്തുമായി ഗാക്പോ പെനാൽറ്റി ഏരിയയിലേക്ക് കുതിക്കുകയും വലങ്കാടൻ അടിയിലൂടെ പോസ്റ്റിലേക്ക് പായിക്കുകയും ചെയ്തു. റൊമാനിയൻ ഗോളിയുടെ വിരൽത്തുമ്പ് തൊട്ടാണ് പന്ത് പോസ്റ്റിലേക്ക് കടന്നത്. ടൂർണമെൻ്റിലെ ഗാക്‌പോയുടെ മൂന്നാം ഗോളാണിത്. ഇരുപത്തിമൂന്നാമത്തെ മിനിറ്റിൽ റൊമാനിയ നടത്തിയ മുന്നേറ്റവും നെതർലാന്റിന്റെ ബോക്സിൽ അവസാനിച്ചു.
എഴുപത്തിയഞ്ചാമത്തെ മിനിറ്റിൽ ഗാക്പോ വീണ്ടും പന്ത് റൊമാനിയയുടെ വലയിൽ എത്തിച്ചെങ്കിലും വാറിൽ ഗോൾ അനുവദിച്ചില്ല. താരം ഓഫ് സൈഡായിരുന്നു.എൺപത്തിമൂന്നാമത്തെ മിനിറ്റിൽ ഡോണി മാലേൻ ഒരു ഗോൾ കൂടി നെതർലാന്റിനെ മുന്നിലെത്തിച്ചു.ബോക്‌സിൻ്റെ ഇടതുവശത്തുനിന്ന് ഗാക്‌പോ തളികയിൽ വെച്ചു കൊടുത്ത പന്ത് ഡോണി റൊമാനിയൻ പോസ്റ്റിലേക്ക് മറിച്ചിട്ടു.
തൊണ്ണൂറാമത്തെ മിനിറ്റിലായിരുന്നു ഡച്ച് നിരയുടെ അടുത്ത ഗോൾ. അതും ഡോണി മാലെന്റെ വക. റൊമാനിയയിൽ നിന്നുള്ള ഒരു കോർണർ ഡച്ച് പ്രതിരോധം കൈക്കലാക്കിയ ശേഷം റൊമാനിയൻ പോസ്റ്റ് ലക്ഷ്യമാക്കി കുതിച്ചു. പോസ്റ്റിന്റെ ഇടതുമൂലയിൽ പന്ത് എത്തിയ ശേഷമാണ് ഹോളണ്ട് പട വിശ്രമിച്ചത്. ഈ ഗോളും ഡോണി മാലേൻ വകയായിരുന്നു.