തെല്‍അവീവ് – ഹൂത്തികളുമായുള്ള ഏറ്റുമുട്ടല്‍ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സന്‍ആയില്‍ പ്രധാനമന്ത്രിയും മന്ത്രിമാരും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണം തുടക്കം മാത്രമാണ്. ഹൂത്തി സര്‍ക്കാരിന്റെ ഭൂരിഭാഗം അംഗങ്ങളെയും മുതിര്‍ന്ന സൈനിക നേതാക്കളെയും ഇസ്രായില്‍ സൈന്യം ഇല്ലാതാക്കി. ഹൂത്തി ഗ്രൂപ്പിനെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ ഇസ്രായില്‍ ശക്തമായി തുടരുമെന്നും മന്ത്രിസഭാ യോഗത്തില്‍ നെതന്യാഹു വിശദീകരിച്ചു. സന്‍ആയില്‍ മുതിര്‍ന്ന ഹൂത്തി നേതാക്കളുടെ യോഗം ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയത്. ഹൂത്തി സര്‍ക്കാരിലെ മന്ത്രിമാരും പ്രമുഖ സൈനിക കമാന്‍ഡര്‍മാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
അതേസമയം, ഇസ്രായിലിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഹൂത്തി നേതാവും വ്യക്തമാക്കി. കൊല്ലപ്പെട്ടവര്‍ സിവിലിയന്‍ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രിമാരായിരുന്നെന്ന് ഹൂത്തി നേതാവ് അബ്ദുല്‍മലിക് അല്‍ഹൂത്തി വെളിപ്പെടുത്തി. പ്രതിരോധ, ആഭ്യന്തര മന്ത്രിമാര്‍ ഇസ്രായില്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതായി സൂചിപ്പിക്കുന്നു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചും നാവിക ഉപരോധത്തിലൂടെയും ഇസ്രായിലി ശത്രുവിനെ ലക്ഷ്യം വെച്ച് ആക്രമണം ശക്തമാക്കും. “സൈനിക, സുരക്ഷ, രാഷ്ട്രീയ, സാമ്പത്തിക, മാധ്യമ മേഖലകള്‍ അടക്കം എല്ലാ മേഖലകളിലും ഇസ്രായിലി ശത്രുവിനെതിരെ നീക്കം ശക്തമാക്കും. ഈ ‘പവിത്രമായ പോരാട്ടം’ തുടരും.”- ഹൂത്തി നേതാവ് പറഞ്ഞു.