ടെൽഅവീവ്- യുദ്ധക്കുറ്റങ്ങളുടെ പേരിൽ അന്താരാഷ്ട്ര നീതിന്യായ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നതിൽ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ഭയവിഹ്വലനാണെന്ന് ഇസ്രായിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭയപ്പെട്ടും സമ്മർദ്ദത്തിലുമായ നെതന്യാഹു ചൈനീസ് ഷോപ്പിലെ ആനയെ പോലെയാണ് പെരുമാറുന്നതെന്നും മാധ്യമങ്ങളുടെ റിപ്പോർട്ടിലുണ്ട്. തന്റെ കയ്യിലുള്ള ഫോൺ ചുറ്റിക്കറക്കുകയും അസാധാരണമാം വിധമുള്ള പെരുമാറ്റമാണ് അദ്ദേഹത്തിന്റ ഭാഗത്തുനിന്നുണ്ടാകുന്നതെന്നുമാണ് റിപ്പോർട്ടിലുള്ളത്. അറസ്റ്റ് വാറണ്ട് ഒഴിവാക്കാനായി വൻ സമ്മർദ്ദം ചെലുത്താനുമുള്ള നീക്കമാണ് നടത്തുന്നത്.
ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയവരുടെ കുടുംബങ്ങളും ബന്ധുക്കളും രൂപീകരിച്ച ഫോറവുമായി നെതന്യാഹു കഴിഞ്ഞ ദിവസം ബന്ധപ്പെട്ടു. അറസ്റ്റ് വാറണ്ട് ഒഴിവാക്കാൻ ഐ.സി.സിയിൽ സമ്മർദ്ദം ചെലുത്താൻ ഫോറത്തിലെ ഭാരവാഹികളോട് നെതന്യാഹു അഭ്യർത്ഥിച്ചു.
ഹമാസിന്റെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ കേസ് ഫയൽ ചെയ്യുന്നതിനായി ബന്ദികളാക്കിയവരുടെ നൂറോളം കുടുംബങ്ങൾ കഴിഞ്ഞ ഫെബ്രുവരിയിൽ ഹേഗിലേക്ക് പോയിരുന്നു. ഐ.സി.സിയുടെ പ്രോസിക്യൂട്ടറായ ബ്രിട്ടീഷ് അഭിഭാഷകൻ കരിം ഖാനുമായി അവർ “സൗഹൃദ” ബന്ധം വളർത്തിയെടുക്കുകയും ചെയ്തിരുന്നു. ഈ ബന്ധം കോടതിയെ തനിക്ക് അനുകൂലമാക്കാൻ ഉപയോഗിക്കാമെന്ന പ്രതീക്ഷയിലാണ് നെതന്യാഹു.
ഐ.സി.സി ഇതിനകം തന്നെ രഹസ്യമായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിൽ തങ്ങൾ ആശങ്കാകുലരാണെന്നും, യൂറോപ്യൻ മണ്ണിൽ ഇറങ്ങുമ്പോൾ മാത്രമേ മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥർക്ക് അറസ്റ്റ് വാറണ്ടുണ്ടോ എന്ന കാര്യം അറിയാനാകുവെന്നുമാണ് വിവരം. അറസ്റ്റ് നേരിടേണ്ടി വന്നേക്കുമെന്നും ഇസ്രായേലി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. അതിനിടെ, അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചാൽ ഫലസ്തീന് നേരെ കൂടുതൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പും ചില ഇസ്രായിൽ ഉദ്യോഗസ്ഥർ നൽകുന്നുണ്ട്.
ഡച്ച് നഗരമായ ഹേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യാന്തര നീതിന്യായ കോടതി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനും ഇസ്രായേലിലെ മറ്റ് മുതിർന്ന രാഷ്ട്രീയ-സൈനിക വ്യക്തികൾക്കും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ ഒരുങ്ങുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇസ്രായേൽ നേതാക്കൾക്കെതിരായ അറസ്റ്റ് വാറണ്ട് തെറ്റായിരിക്കുമെന്നും നടപടിയെ യു.എസ് പിന്തുണയ്ക്കുന്നില്ലെന്നും ജോ ബൈഡൻ ഭരണകൂടം ഐ.സി.സി ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയതായും വാർത്തയുണ്ട്.