ജിദ്ദ: ലോകത്തിന്റെ നെറുകയിലേക്കുള്ള പ്രയാണം തുടരുന്ന സൗദി അറേബ്യയുടെ അഭിമാന പദ്ധതിയായ നിയോമിന്റെ നിർമാണ പുരോഗതിയുടെ വീഡിയോ പുറത്തുവിട്ട് നിയോം അധികൃതർ. മരുഭൂമയിൽ അതിമനോഹരമായ എടുപ്പുകൾ ഉയരുന്നതിന്റെ ആകാശക്കാഴ്ച്ചകാളാണ് പുറത്തുവിട്ടത്. 260-ലേറെ എസ്കവേറ്ററുകളും രണ്ടായിരം ട്രക്കുകളും ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും ജോലിയെടുത്തു മൂന്നു മില്യൺ മീറ്റർ സ്ക്വയറുള്ള സ്ഥലം മാറ്റിയെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇതിലുള്ളത്.
തബൂക്കിൽ നിർമ്മിക്കുന്ന ഒരു പുതിയ നഗരപ്രദേശമാണ് നിയോം. സൗദി കിരീടാവകാശി മഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ 2017-ൽ പ്രഖ്യാപിച്ച പദ്ധതി ചെങ്കടലിൻ്റെ വടക്കേ അറ്റത്താണ്. ഈജിപ്തിൻ്റെ കിഴക്ക് അഖബ ഉൾക്കടലും തെക്ക് ജോർദാനുമാണ് നിയോമിന് അടുത്തുള്ള രാജ്യങ്ങൾ. നിയോമിൻ്റെ മൊത്തം ആസൂത്രിത വിസ്തീർണ്ണം 26,500 കിലോമീറ്ററാണ്. ഫ്ലോട്ടിംഗ് ഇൻഡസ്ട്രിയൽ കോംപ്ലക്സ്, ആഗോള വ്യാപാര കേന്ദ്രം, ടൂറിസ്റ്റ് റിസോർട്ടുകൾ, പുനരുപയോഗ ഊർജ സ്രോതസ്സുകളാൽ പ്രവർത്തിക്കുന്ന ഒരു രേഖീയ നഗരം എന്നിവയുൾപ്പെടെ ഒന്നിലധികം പ്രദേശങ്ങൾ ഇവിടെ ആസൂത്രണം ചെയ്തിട്ടുണ്ട്.
2039 ഓടെ നഗരത്തിൻ്റെ ഭൂരിഭാഗം നിർമാണവും പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 500 ബില്യൺ ഡോളറാണ് പ്രതീക്ഷിക്കുന്ന ചെലവ്.