കൊച്ചി- എമ്പുരാൻ സിനിമ ചിലരുടെ ഭീഷണിക്ക് വഴങ്ങി കീറിമുറിക്കാൻ അനുവദിച്ചതിലൂടെ കേരളത്തിലെ മതേതര സമൂഹത്തെ മോഹൻലാൽ മലയാളി സമൂഹത്തെ അവഹേളിക്കുകയാണെന്ന് ചെയ്തതെന്ന് നിരൂപകനും എഴുത്തുകാരനുമായ എൻ.ഇ സുധീർ. ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് വിമർശനം. കുറിപ്പിന്റെ പൂർണ്ണരൂപം-
മോഹൻലാൽ മലയാളിയാണെന്ന് അഭിമാനിക്കുന്നുണ്ടോ?, മോഹൻലാൽ ജനാധിപത്യത്തിൽ വിശ്വസിക്കുന്നുണ്ടോ? മോഹൻലാൽ മതേതരത്വത്തിൽ വിശ്വസിക്കുന്നുണ്ടോ?, മോഹൻലാൽ ആവിഷ്കാരസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നുണ്ടോ?മോഹൻലാൽ നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നുണ്ടോ?
ഇതൊന്നും ചെയ്യാത്ത ഒരാൾ എത്ര വലിയ നടനായിട്ടെന്താ കാര്യം?. തന്നെ വളർത്തി വലുതാക്കിയ സമൂഹത്തെ വിശ്വാസത്തിലെടുക്കാത്ത, അവർ കൊടുത്ത പിന്തുണയെ വിലമതിക്കാത്തഒരാൾ എത്ര വലിയ കലാകാരനായിട്ടെന്താ കാര്യം?. കലാപ്രവർത്തനം നടത്തിയ സമൂഹത്തെ, അവിടത്തെ ജനതയുടെ ആദരവിനെ, ഒരു വിലയും കല്പിക്കാതെ, അവരിൽ വിശ്വാസമർപ്പിക്കാതെ, ആരുടെയോ ഭീഷണിക്ക് വഴങ്ങി തൻ്റെ സിനിമയെ കീറിമുറിക്കാൻ തയ്യാറായതുവഴി മലയാളിയുടെ നവോത്ഥാന സംസ്കാരത്തെ അവഹേളിക്കുകയാണ് അദ്ദേഹം ചെയ്തത്. മതേതര കേരളത്തെ പരിഹസിക്കുകയാണ് അദ്ദേഹം ചെയ്തത്. പൊറുക്കാനാവാത്ത അപരാധമാണിത്.
മലയാളി സമൂഹം ഈ മനുഷ്യനോട് പൊറുക്കരുത്. അദ്ദേഹത്തിൻ്റെ കലാപ്രവർത്തനത്തിന് ഇനിയും പിന്തുണ നൽകേണ്ടതുണ്ടോ എന്ന് നമ്മൾ മലയാളികൾ ചിന്തിക്കണം. എമ്പുരാൻ സിനിമാ വിവാദത്തെ ആവിഷ്കാരസ്വാതന്ത്ര്യത്തിൻ്റെ പ്രശ്നമായി തിരിച്ചറിഞ്ഞ്, ശക്തമായി ഏറ്റെടുത്ത് പ്രതിരോധം തീർത്ത കേരളീയ സമൂഹത്തോട് ചേർന്നു നിൽക്കാൻ തയ്യാറാവാത്ത നടൻ്റെ പേരാണ് മോഹൻലാൽ.