മുംബൈ- മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി അജിത് പവാർ വിഭാഗം നേതാവുമായ ബാബ സിദ്ദിഖ് മുംബൈയിലെ ബാന്ദ്രയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ബാന്ദ്ര ഈസ്റ്റിൽ നിന്നുള്ള എം.എൽ.എ.യായ മകൻ സീഷൻ്റെ ഓഫീസിന് നേരെയുണ്ടായ വെടിവെപ്പിലാണ് അന്ത്യം സംഭവിച്ചത്. വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ടു പേരെ പിടികൂടി. വെടിയേറ്റ ഉടൻ സിദ്ദിഖിനെ ലീലാവതി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോലീസുമായും ആശുപത്രി അധികൃതരുമായും സംസാരിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. “രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ഒരാൾ ഉത്തർപ്രദേശിൽ നിന്നും ഒരാൾ ഹരിയാനയിൽ നിന്നും ഉള്ളയാളാണ്. മറ്റൊരാൾ ഒളിവിലാണ്. കർശന നടപടി സ്വീകരിക്കാൻ മുംബൈ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷിൻഡേ പറഞ്ഞു.
ബാന്ദ്ര വെസ്റ്റിൽ നിന്ന് മൂന്ന് തവണ എം.എൽ.എ ആയിരുന്ന സിദ്ദിഖ് 48 വർഷമായി കോൺഗ്രസ് നേതാവായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പാർട്ടി വിട്ട് അജിത് പവാറിൻ്റെ എൻസിപിയിൽ ചേരുകയായിരുന്നു. സിദ്ദിഖിനെ ഓഗസ്റ്റിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. ആരുടെയും ഭീഷണിയെക്കുറിച്ച് സിദ്ദിഖ് പറഞ്ഞിട്ടില്ലെന്ന് എൻ.സി.പി വക്താവ് ബ്രിജ്മോഹൻ ശ്രീവാസ്തവ് പറഞ്ഞു. 1999, 2004, 2009 വർഷങ്ങളിൽ ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട സിദ്ദിഖ് 2004 മുതൽ 2008 വരെ ഭക്ഷ്യ-സിവിൽ സപ്ലൈസ്, തൊഴിൽ, എഫ്ഡിഎ എന്നിവയുടെ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു.
രാഷ്ട്രീയ ചാതുര്യത്താൽ മാത്രമല്ല, ആഡംബര പാർട്ടികൾ നടത്തുന്നതിലും ഏറെ താൽപര്യമുള്ള നേതാവായിരുന്നു സിദ്ദീഖ്. 2013ൽ സിദ്ദിഖ് സംഘടിപ്പിച്ച ഇഫ്താർ പാർട്ടിയിലാണ് സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും തമ്മിലുള്ള ശീതസമരം പരിഹരിച്ചത്. സൽമാൻ ഖാനും നടൻ സഞ്ജയ് ദത്തും വിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തി.