ബാങ്കോക്ക്- മ്യാൻമറിൽ വെള്ളിയാഴ്ച ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 140 കവിഞ്ഞു. മരണസംഖ്യ ഇനിയും കൂടുമെന്ന് അധികൃതർ പറഞ്ഞു. അയൽരാജ്യമായ തായ്‌ലൻഡിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു അംബരചുംബി ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ ഭൂകമ്പത്തിൽ തകരുകയും അടിസ്ഥാന സൗകര്യങ്ങളെല്ലാം താറുമാറാകുകയും ചെയ്തു. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ഡലയിലാണ് ഭൂകമ്പത്തിന്റെ കെടുതികൾ ഏറെയും സംഭവിച്ചത്. ഉച്ചഭക്ഷണ സമയത്ത് ഉണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപ പ്രദേശമാണ് മണ്ഡല. തുടർന്ന് ശക്തമായ തുടർചലനങ്ങളും നേരിയ ചലനങ്ങളും ഉണ്ടായി.
മണ്ഡലയിലെ ബഹുനില അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽനിന്ന് മാത്രം മുപ്പത് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മ്യാൻമറിന്റെ സൈനിക ഭരണകൂടത്തിന്റെ തലവനായ ജനറൽ മിൻ ഓങ് ഹ്ലെയിംഗ്, കൂടുതൽ മരണങ്ങളും നാശനഷ്ടങ്ങളും ഉണ്ടാകുമെന്ന് പറഞ്ഞു.
ചീട്ടുകൊട്ടാരം പോലെ തകർന്നുവീണ് 33 നില കെട്ടിടം
ശക്തമായ ഭൂകമ്പത്തില്‍ തായ്‌ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ നിര്‍മാണത്തിലുള്ള 33 നില കെട്ടിടം ചീട്ടുകൊട്ടാരം പോലെ നിമിഷ നേരം കൊണ്ട് നിലംപതിച്ച് വിടുപൊടിയായി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്.
കെട്ടിടം നിലംപൊത്തുന്നത് കണ്ട് ഭയചകിതരായി നിലവിളിച്ചുകൊണ്ട് സമീപപ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ ജീവനും കൊണ്ടോടി. ബാങ്കോക്കിലെ പ്രശസ്തമായ ചാറ്റുചക് മാര്‍ക്കറ്റിന് സമീപം മുകളില്‍ ക്രെയിന്‍ ഉപയോഗിച്ച് നിര്‍മാണത്തിലിരിക്കുന്ന 33 നില കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടം തകര്‍ന്ന് കുറഞ്ഞത് മൂന്ന് പേര്‍ കൊല്ലപ്പെടുകയും 90 പേരെ കാണാതാവുകയും ചെയ്തതായി പ്രതിരോധ മന്ത്രി ഫുംതം വെച്ചായചായി പറഞ്ഞു. തായ്ലന്റ് ഗവണ്‍മെന്റ് ഓഡിറ്റര്‍ ജനറലിനായി ചൈന റെയില്‍വേ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് കെട്ടിടം നിര്‍മിക്കുന്നത്.
ഇന്ന് ഉച്ചക്ക് മ്യാന്‍മറിലും അയല്‍രാജ്യമായ തായ്ലന്റിലും ശക്തമായ ഭൂകമ്പമുണ്ടായത്. മ്യാന്‍മറിലെ രണ്ട് നഗരങ്ങളില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെയും മറ്റു നാശനഷ്ടങ്ങളും വ്യക്തമാക്കുന്ന ഫാട്ടോകളും വീഡിയോകളും പുറത്തുവന്നു. ഇവിടെ നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന ആശങ്ക ഉയര്‍ത്തി. മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയ്ക്ക് സമീപമാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുടര്‍ന്ന് 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ തുടര്‍ചലനം ഉണ്ടായി.
മരണത്തിന്റെയും പരിക്കുകളുടെയും നാശത്തിന്റെയും പൂര്‍ണ വ്യാപ്തി ഉടനടി വ്യക്തമായിട്ടില്ല. ശക്തമായ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ കുലുങ്ങിത്തരിച്ചതോടെ ബഹുനില കെട്ടിടങ്ങളില്‍ നിന്നും ഷോപ്പിംഗ് മാളുകളില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ പുറത്തേക്കോടി. മണ്ടാലെയില്‍ ഭൂകമ്പത്തില്‍ നഗരത്തിലെ ഏറ്റവും വലിയ ആശ്രമങ്ങളിലൊന്നായ മാ സോ യാനെ ആശ്രമം ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവെന്നും മുന്‍ രാജകൊട്ടാരത്തിന് കേടുപാടുകള്‍ സംഭവിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. നഗരത്തിലെ അണക്കെട്ട് പൊട്ടിയതായും പ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളിലെ ജലനിരപ്പ് ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. നഗരത്തിന്റെ തെക്ക് പടിഞ്ഞാറുള്ള സാഗെയിംഗ് മേഖലയില്‍ 90 വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്നു. മണ്ടാലെയെയും മ്യാന്‍മറിലെ ഏറ്റവും വലിയ നഗരമായ യാങ്കോണിനെയും ബന്ധിപ്പിക്കുന്ന ഹൈവേയുടെ ചില ഭാഗങ്ങളും തകര്‍ന്നു.