കോഴിക്കോട്: ഇടതു മുന്നണിയിൽ പാർട്ടി അവഗണന നേരിടുകയാണെന്നും തങ്ങൾ വലിഞ്ഞുകയറി വന്നവരല്ലെന്നും വിളിച്ചിട്ടു വന്നവരാണെന്നും ആർ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി ശ്രേയാംസ് കുമാർ പറഞ്ഞു. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ സി.പി.എം മാന്യത കാട്ടിയില്ലെന്നും ഇത് സംബന്ധിച്ച് മുന്നണിയിൽ ചർച്ച പോലും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തിൽ ബി.ജെ.പിയുടെ എൻ.ഡി.എ സർക്കാറിനൊപ്പം നിൽക്കുന്ന പാർട്ടി പോലും കേരളത്തിൽ എൽ.ഡി.എഫിലുണ്ട്. ഇതൊന്നും മുന്നണി നേതൃത്വത്തിന് പ്രശ്‌നമാകുന്നില്ല. ജെ.ഡി.എസ് സാങ്കേതികമായി ദേശീയ തലത്തിൽ ബി.ജെ.പിക്കൊപ്പമാണ്. കേരളത്തിലെ ഘടകം ബി.ജെ.പിക്കൊപ്പമല്ലെങ്കിലും അവരുടെ നേതാവ് കുമാര സ്വാമി, മോഡി സർക്കാരിൽ കേന്ദ്ര മന്ത്രിയാണ്. ഇത്തരം പാർട്ടികൾ പോലും ഇടതു മുന്നണിയിൽ നിൽക്കുന്നു. അവർക്ക് സി.പി.എമ്മും മുന്നണിയും മുന്തിയ പരിഗണനയാണ് നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇടതു മുന്നണിയിൽ അർഹതപ്പെട്ട മന്ത്രിസ്ഥാനത്തിന് തുടക്കം മുതലെ ഞങ്ങളെ പരിഗണിച്ചില്ല. രണ്ടരവർഷം കഴിഞ്ഞിട്ടും ലഭിച്ചില്ല. ഇടത് യോഗത്തിന് പതിനൊന്നാമതായിട്ടാണ് ഞങ്ങളെ വിളിക്കാറ്. എന്തിനാണ് തങ്ങളോട് ഇത്ര അവഗണന? എന്തിന്റെ പേരിലാണ് തങ്ങളെ മാറ്റിനിർത്തുന്നതെന്ന് മനസിലായില്ല. ഇതിൽ പാർട്ടി അണികളിൽ കടുത്ത അതൃപ്തിയുണ്ട്. എൽ.ഡി.എഫിലേക്ക് ക്ഷണിച്ചിട്ട് വന്നതാണ്. ഞങ്ങളെക്കാൾ ചെറിയ പാർട്ടിക്ക് പോലും വലിയ അംഗീകാരം നല്കി. എൻ.ഡി.എയ്‌ക്കൊപ്പമുള്ള ഇടതുമുന്നണിയിലെ ജെ.ഡി.എസിന് എഴുപതോളം സ്ഥാനങ്ങൾ മുന്നണി നൽകി. തങ്ങൾക്ക് ലഭിച്ചതാകട്ടെ ആറോ എഴോ സ്ഥാനങ്ങൾ മാത്രമാണ്. ത്രിതല പഞ്ചായത്തിലും വേണ്ടരീതിയിൽ പരിഗണിച്ചില്ല. ഈ ആവഗണ മാറ്റി അർഹമായ അംഗീകാരം നല്കണം. പലതവണ കത്തുനല്കി. രണ്ടുതവണ ഉഭയകക്ഷി ചർച്ച നടത്തി. എന്നിട്ടുപോലും പരിഗണിച്ചില്ല. സാധാരണ അണികളോട് പറയാൻ ഞങ്ങൾക്ക് മറുപടിയില്ലെന്നും ഇത് മുന്നറിയിപ്പോ ഭീഷണിയോ അല്ലെന്നും കാര്യങ്ങൾ മുഖവിലയ്ക്ക് എടുക്കണമെന്നും ശ്രേയാംസ്‌കുമാർ ആവശ്യപ്പെട്ടു.
ഒരു തരത്തിലും ബി.ജെ.പിയുമായി വിട്ടുവീഴ്ച ചെയ്യാത്ത പാർട്ടിയാണ് ആർ.ജെ.ഡി. പ്രവർത്തകർ നിരാശരാണ്. മുന്നണിയുടെ ഐക്യത്തിന് എല്ലാവരും ഒരുമിച്ച് നിൽക്കണം. അതുകൊണ്ട് മുന്നണി മാറ്റം നിലവിൽ അജണ്ടയിലില്ല. ഇനിയങ്ങോട്ട് ഞങ്ങളുടെ ആവശ്യം പരിഗണിക്കണം. തങ്ങളുടെ ആവശ്യം ന്യായമാണെങ്കിൽ പരിഗണിക്കണം. ഒറ്റയ്ക്ക് നിന്നാൽ പോരേയെന്ന് പ്രവർത്തകർ ചോദിക്കുന്നുണ്ട്. യു.ഡി.എഫിലേക്ക് പോകാനുള്ള രാഷ്ട്രീയ മാറ്റമൊന്നും ആഗ്രഹിക്കുന്നില്ല. തങ്ങൾ ഇടത് സ്വഭാവമുള്ള പാർട്ടിയാണ്. എൽ.ഡി.എഫിൽ തന്നെ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group