പാലക്കാട്: പാർട്ടി അച്ചടക്ക നടപടിക്കു വിധേയനായ സി.പി.എം നേതാവും മുൻ എം.എൽ.എയും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ ശശിക്കെതിരേ രൂക്ഷ വിമർശവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. ശശി ചെയ്തത് നീചമായ പ്രവൃത്തിയാണെന്ന് സി.പി.എം പാലക്കാട് മേഖല റിപോർട്ടിംഗിൽ അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശിക്കെതിരേയുള്ളതെന്നും സി.പി.എം ജില്ല സെക്രട്ടറിയെ കള്ളു കേസിലും സ്ത്രീപീഡന കേസിലും പ്രതിയാക്കാൻ വരെ പി.കെ ശശി ശ്രമിച്ചുവെന്ന ഗുരുതരമായ വെളിപ്പെടുത്തലും പാർട്ടി സെക്രട്ടറി റിപോർട്ട് ചെയ്തു. പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി ഉപയോഗിച്ച ശശി, പാർട്ടി ജില്ലാ സെക്രട്ടറിയെ കള്ളു കേസിൽ കുടുക്കാൻ ഒരു മാധ്യമപ്രവർത്തകനുമായി ഗൂഢാലോചന നടത്തിയതിന്റെ തെളിവുകളും പാർട്ടിക്ക് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിൽ തിരിമറി നടത്തിയെന്നായിരുന്നു ശശിക്കെതിരേ ഉയർന്ന ആരോപണം. തുടർന്ന് പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ശശിക്കെതിരായ ആരോപണം അന്വേഷിച്ചത്. റിപോർട്ടിന് പിന്നാലെ പി.കെ ശശിയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കുകയായിരുന്നു. ഒപ്പം മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിടുകയുമുണ്ടായി. ശശി അധ്യക്ഷനായ യൂണിവേഴ്‌സൽ കോളേജ് നിയമനത്തിലും ക്രമക്കേടുണ്ടെന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ. നേരത്തെ ലൈംഗിക പീഡനാരോപണത്തിലും ശശിക്കെതിരെ സി.പി.എം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഈ ശിക്ഷണ നടപടിയെല്ലാം പൂർത്തിയാക്കി പാർട്ടിയിൽ തിരിച്ചെത്തി പ്രവർത്തിച്ചു തുടങ്ങിയതോടെയാണ് വീണ്ടും ആരോപണങ്ങളുടെ വലിയൊരു പട്ടികതന്നെ ശശിക്കെതിരേ ഉയർന്നത്. പാർട്ടിക്ക് പൊതുസമൂഹത്തിൽ ഏറെ നാണക്കേടുണ്ടാക്കിയെങ്കിലും അച്ചടക്ക നടപടിയിൽ മാത്രമാണിപ്പോൾ പാർട്ടിക്കും പ്രവർത്തകർക്കുമുള്ള ആശ്വാസം.
പാർട്ടി നടപടിക്കു പിന്നാലെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തുനിന്നും ശശിയെ നീക്കണമെന്ന വികാരം പാർട്ടിക്കകത്തും പുറത്തും ശക്തമാണ്. എന്നാൽ, ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും പാർട്ടിയും സ്വീകരിക്കുന്ന തുടർ നടപടി എന്താവുമെന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. ശശി സ്വയം രാജിവെച്ച് പോകില്ലെന്ന് വ്യക്തമായിട്ടും രാജി ചോദിച്ചുവാങ്ങാൻ മുഖ്യമന്ത്രി എത്ര നാൾ കാത്തിരിക്കുമെന്നാണ് പാർട്ടി പ്രവർത്തകർ ചോദിക്കുന്നത്. പാർട്ടിക്ക് ബാധ്യതയാകുന്ന ഇത്തരം നേതാക്കളെ നിലക്കുനിർത്താതെ രക്ഷയില്ലെന്നും ഇവർ ഓർമിപ്പിക്കുന്നു.