തിരുവനന്തപുരം- സിനിമാ മേഖലയിലെ ആരോപണങ്ങളുടെ പേരിൽ മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. ഇന്ത്യയിലുടനീളം നിരവധി ജനപ്രതിനിധികൾക്ക് നേരെ ഇത്തരത്തിൽ ആരോപണം ഉയർന്നിട്ടുണ്ടെന്നും എന്നാൽ അവരാരും രാജിവെച്ചിട്ടില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വിവിധ പാർട്ടികളിലെ ജനപ്രതിനിധികളുടെ പേരിലുള്ള സമാനമായ കേസിന്റെ കണക്കുകളും അദ്ദേഹം ഉദ്ധരിച്ചു. അതേസമയം, മുകേഷിനെ സിനിമാ നയരൂപീകരണ സമിതിയിൽനിന്ന് നീക്കും. മന്ത്രിമാരെ പദവിയിൽനിന്ന് മാറ്റുന്നത് പോലെയല്ല, എം.എൽ.എമാരെയും എം.പിമാരെയും മാറ്റുന്നത്. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ പിന്നീട് അവർക്ക് തിരിച്ചുവരാനാകില്ല. ഈ സഹചര്യത്തിലാണ് നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് തീരുമാനിച്ചത്. മുകേഷുമായി ബന്ധപ്പെട്ട കേസിന്റെ എല്ലാ വശങ്ങളും വിശദമായിപരിശോധിച്ചു. അന്വേഷണത്തിൽ ഒരാൾക്കും ആനുകൂല്യം നൽകില്ല.
ധാർമ്മികമായി മുകേഷ് രാജിവെക്കണം എന്നാണ് പലരും പറയുന്നത്. ധാർമ്മികമായ രാജിവെച്ചാൽ കുറ്റവിമുക്തനായാൽ ധാർമ്മികമായി തിരിച്ചുവരാനാകില്ല. തെരഞ്ഞെടുപ്പ് നിയമം മാത്രമേ അക്കാര്യത്തിൽ ബാധകമാകൂവെന്നും അതിനാൽ ധാർമ്മികതയുടെ പേരിൽ രാജിവെക്കേണ്ടതില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കുറ്റം തെളിഞ്ഞാൽ സ്വാഭാവികമായും ആവശ്യമായ നടപടികൾ സ്വീകരിക്കും. എം.എൽ.എ സ്ഥാനം ഒഴിയുന്നത് സാമാന്യ നീതീനിഷേധമാണ്. കോൺഗ്രസ് എം.എൽ.എമാർക്ക് എതിരെ ആരോപണം വന്നപ്പോഴും ഇതേ നിലപാടാണ് പാർട്ടി സ്വീകരിച്ചത്.
സി.പി.എമ്മിൽ പവർ ഗ്രൂപ്പുണ്ട് എന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണം. പ്രതിപക്ഷ നേതാവിന് എതിരെ ഉയർന്ന ആരോപണം അവർ ചിന്തിക്കണം. അവസരം കിട്ടാൻ ചൂഷണത്തിന് നിന്നുകൊടുക്കണം എന്നാണ് ഒരു യുവകോൺഗ്രസ് നേതാവ് പറഞ്ഞത്. പ്രീതിപ്പെടുത്തിയാൽ മാത്രമേ പ്രതിപക്ഷ നേതാവിന്റെ ഗുഡ്ബുക്കിൽ ഇടം ലഭിക്കൂ എന്നാണ് പറയുന്നത്. സിനിമയിലെ പോലെ കോൺഗ്രസിലും പവർ ഗ്രൂപ്പുണ്ട് എന്നാണ് അവർ പറയുന്നത്. ആ ഗ്രൂപ്പിൽ പ്രതിപക്ഷ നേതാവും ഉണ്ട് എന്നാണ് അവർ ആരോപിക്കുന്നത്. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കണമെന്നും ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.
ഇ.പി ജയരാജനെ ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയതായും പകരം ടി.പി രാമകൃഷ്ണനെ തെരഞ്ഞെടുത്തതായും അദ്ദേഹം പറഞ്ഞു. ഇ.പി ജയരാജന് എതിരെ സംഘടന നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.പി കേന്ദ്ര കമ്മിറ്റിയിൽ തുടരും. പാലക്കാട്ടെ സി.പി.എം നേതാവ് ശശിക്കെതിരായ നടപടിക്ക് സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി.
സി.പി.എമ്മിനെതിരെ മാധ്യമങ്ങൾ ഉയർത്തുന്ന ലക്ഷ്യം വെച്ചുള്ള പ്രചാരണത്തിൽ വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.