കൽപ്പറ്റ- വയനാട്ടിൽ ഉരുൾപൊട്ടലിൽ വീടു നഷ്ടപ്പെട്ടവർക്ക് നൂറു വീടുകൾ നിർമ്മിച്ചുനൽകുമെന്ന് മുസ്ലീം ലീഗ്. വീടിന് പുറമെ ദുരിതബാധിതരുടെ അതിജീവനത്തിന് ആവശ്യമായ മെഗാ പ്രൊജക്ടാണ് മുസ്ലിം ലീഗ് പ്രഖ്യാപിച്ചത്. വീടിന് പുറമെ, ദുരിതബാധിതരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളുമായി മുസ്ലിം ലീഗ് മുന്നോട്ടുപോകും. ഇതിന് സംസ്ഥാന സർക്കാർ ആവശ്യമായ സഹായം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങളൊരുക്കുക മാത്രമല്ല, തൊഴിലുകൾ സൃഷ്ടിച്ചും കുട്ടികളുടെ വിദ്യാഭ്യാസം തുടരാൻ ആവശ്യമായത് ചെയ്തും ആ ജനതയുടെ ആത്മവിശ്വാസവും ആത്മധൈര്യവും വീണ്ടെടുക്കുക കൂടി മുസ്ലിംലീഗിന്റെ ലക്ഷ്യമാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.
ദുരന്തത്തിന്റെ ഞെട്ടലിൽനിൽക്കുന്ന സമയത്ത് കേന്ദ്രമന്ത്രിമാർ രാഷ്ട്രീയം പറയുന്നത് ശരിയായ നടപടിയല്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖഫ് ബോർഡ് ഭൂമിയിൽ കടന്നുകയറാനുള്ള കേന്ദ്ര നീക്കം അനുവദിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.