മലപ്പുറം- വഖഫ് ബില്ലിനെ ശക്തമായി എതിർക്കുമെന്നും എന്നാൽ മുനമ്പം വിഷയത്തെ ഈ ബില്ലുമായി കൂട്ടിക്കെട്ടുന്നതിന് പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്നും മുസ്ലിം ലീഗ്. വഖഫ് ഭേദഗതി ബിൽ ഏതെങ്കിലും ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെക്കുന്നതല്ല. തുടക്കത്തിൽ ഇത് മുസ്ലിം സമുദായത്തിന് എതിരെയാണെങ്കിലും വൈകാതെ മറ്റു ന്യൂനപക്ഷങ്ങൾക്ക് എതിരെയും സർക്കാർ നീങ്ങും. ഇക്കാര്യം മനസിലാക്കിയതുകൊണ്ടാണ് മുഴുവൻ മതേതര കക്ഷികളും ബില്ലിനെതിരെ രംഗത്തുവന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ പറഞ്ഞു.
ദൈവ മാർഗത്തിൽ സ്വന്തം സ്ഥലങ്ങൾ നൽകുന്നതിനെ ഇല്ലാതാക്കുന്ന തീരുമാനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇന്ത്യയിലെ മുഴുവൻ മതേതര കക്ഷികളും ബില്ലിന് എതിരാണ്. നിരവധി വഖഫ് സ്വത്തുക്കൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുണ്ട്. ഇത് വളഞ്ഞ വഴിയിലൂടെ പിടിച്ചെടുക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.
മുനമ്പം കേസ് വഖഫ് ഭേഗതി ബില്ലുമായി കൂട്ടിയോജിപ്പിക്കരുത്. മുനമ്പത്തെ വിഷയം രമ്യമായി പരിഹരിക്കണം എന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. മുനമ്പത്തെ പ്രശ്നം തീർക്കേണ്ടത് സംസ്ഥാന സർക്കാരാണ്. ഇതിന് മുഴുവൻ പിന്തുണയും മുസ്ലിം ലീഗ് നൽകും. ഉത്തരേന്ത്യയിലടക്കമുള്ള ഭൂമിയും സ്വത്തുക്കളും പിടിച്ചെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മുനമ്പത്തെ വിഷയം പരിഹരിക്കുന്നതിനുള്ള സർക്കാരിന്റെ നീക്കത്തെ മുസ്ലിം ലീഗ് പിന്തുണക്കും. വഖഫ് ബിൽ പാസായാൽ കോടതിയിൽ ചോദ്യം ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യമിട്ടാണ് വഖഫ് ഭേദഗതി ബിൽ കൊണ്ടുവരുന്നത്. എന്നാൽ മുനമ്പത്തെ വിഷയം വഖഫ് ബില്ലുമായി കൂട്ടിക്കെട്ടുന്നത് ബി.ജെ.പിയാണെന്നും സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടി പറഞ്ഞു.