തളിപ്പറമ്പ് – സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ വലിയ ചൂഷണങ്ങൾക്കിരയാവുന്നുവെന്ന് കവി മുരുകൻ കാട്ടാക്കട. കണ്ണൂർ ജില്ലാ നഴ്സസ് വാരാഘോഷം സമാപന സമ്മേളനം പരിയാരം ഗവ. മെഡിക്കൽ കോളേജിലെ ലിനി പുതുശേരി നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലാഖമാർ എന്നു പറഞ്ഞ് സന്തോഷിപ്പിക്കുന്നതിലപ്പുറം നഴ്സുമാരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആരും ശ്രമിക്കുന്നില്ല. വികസിത രാജ്യമായ അമേരിക്ക പോലുള്ള സ്ഥലങ്ങളിൽ ചികിത്സ ആരോഗ്യ ഇൻഷൂറൻസ് ഉള്ളവരിലേക്ക് ചുരുങ്ങുമ്പോൾ കേരളം ലോകത്തിന് മാതൃകയാവുന്ന വിധത്തിൽ ആരോഗ്യ സംരക്ഷണ രംഗത്ത് ഉയർന്ന നിലവാരത്തിലെത്തി നിൽക്കുകയാണ്.
എന്നാൽ സ്വകാര്യ ആശുപത്രികളിൽ നേഴ്‌സുമാരെ ചൂഷണം ചെയ്യുന്നത് തുടരുന്നതിനെതിരെ പ്രതികരിക്കാൻ ഒരു രാഷ്ട്രീയ പാർട്ടികളും സംഘടനകളും മുന്നോട്ടു വരുന്നില്ല എന്നത് ഖേദകരമാണ്. ഇക്കാര്യത്തിൽ ആർക്കും ഒന്നും ചെയ്യാൻ സാധിക്കാത്ത നിലയാണെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ ജില്ലാ നേഴ്സിംഗ് ഓഫീസർ ദേവയാനി കല്ലേൻ അധ്യക്ഷത വഹിച്ചു.
എം. ലിജിൻ എം. എൽ. എ സംബന്ധിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.കെ.അനിൽകുമാർ, മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.സുദീപ്, ടി.ജി.പ്രീത, എം.കെ.പ്രീത, പി.ജെ. ലൂസി, കെ.വി.പുഷ്പജ, റോബിൻ ബേബി, പി.എ.ജയ എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ ടി.ടി.ഖമറുസമാൻ സ്വാഗതവും കെ.സി.ബീന നന്ദിയും പറഞ്ഞു.