ജിദ്ദ – ഈ വര്‍ഷം ആദ്യ പാദത്തില്‍ 120 ബഹുരാഷ്ട്ര കമ്പനികള്‍ തങ്ങളുടെ റീജ്യനല്‍ ആസ്ഥാനങ്ങള്‍ റിയാദിലേക്ക് മാറ്റിയതായി ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തില്‍ റിയാദിലേക്ക് റീജ്യനല്‍ ആസ്ഥാനങ്ങള്‍ മാറ്റിയ കമ്പനികളുടെ എണ്ണത്തെക്കാള്‍ 447 ശതമാനം കൂടുതല്‍ കമ്പനികള്‍ ഈ കൊല്ലം ആദ്യ പാദത്തില്‍ റിയാദിലേക്ക് റീജ്യനല്‍ ആസ്ഥാനങ്ങള്‍ മാറ്റി.
പെട്രോളിതര മേഖലയിലെ ശക്തമായ വളര്‍ച്ചയുടെയും സര്‍ക്കാര്‍ പ്രഖ്യാപിച്ച തന്ത്രപ്രധാനമായ സംരംഭങ്ങളുടെയും ഫലമായി റീജ്യനല്‍ ആസ്ഥാനങ്ങള്‍ റിയാദിലേക്ക് മാറ്റാന്‍ ബഹുരാഷ്ട്ര കമ്പനികള്‍ കൂട്ടത്തോടെ മുന്നോട്ടുവരുന്ന കാഴ്ചയാണുള്ളത്. റീജ്യനല്‍ ആസ്ഥാനങ്ങള്‍ സൗദിയിലേക്ക് മാറ്റാത്ത ബഹുരാഷ്ട്ര കമ്പനികള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെയും ഗവണ്‍മെന്റിന് ഭൂരിഭാഗം ഓഹരി പങ്കാളിത്തമുള്ള പൊതുമേഖലാ കമ്പനികളുടെ പദ്ധതികളുടെയും കരാറുകള്‍ അനുവദിക്കുന്നത് ഈ വര്‍ഷാദ്യം മുതല്‍ വിലക്കിയിയിട്ടുണ്ട്.
സൗദിയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പാദത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളില്‍ 5.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. റിയാദില്‍ ഓഫീസ് മേഖലയില്‍ 3.4 ശതമാനം വാര്‍ഷിക വളര്‍ച്ചയുണ്ട്. സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന് നടത്തുന്ന ശ്രമങ്ങളുടെ പിന്തുണയോടെ ഈ വര്‍ഷം സൗദിയില്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ഓഫീസ് മേഖലയുടെ സംഭാവന അഞ്ചു ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബഹുരാഷ്ട്ര കമ്പനികളുടെ ഒഴുക്കിനിടെ റിയാദില്‍ പ്രധാന ഓഫീസ് സ്‌പേസുകള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് വിഭാഗത്തില്‍ പെട്ട ഓഫീസുകളില്‍ ഒക്യുപെന്‍സി നിരക്ക് 98 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇതോടൊപ്പം ഓഫീസ് വാടകയും വലിയ തോതില്‍ ഉയര്‍ന്നു. ഈ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തില്‍ മൂന്നു ശതമാനവും കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ 13 ശതമാനവും തോതില്‍ റിയാദില്‍ ഓഫീസ് വാടക ഉയര്‍ന്നു. ഉത്തര റിയാദിലും വടക്കുകിഴക്കന്‍ റിയാദിലും ഓഫീസ് വാടകയില്‍ 20 മുതല്‍ 23 ശതമാനം വരെ വാര്‍ഷിക വളര്‍ച്ചയുണ്ട്.
ടെക്‌നോളജി, മീഡിയ, ടെലികോം, കണ്‍സള്‍ട്ടന്‍സി, എന്‍ജിനീയറിംഗ്, നിര്‍മാണം, ഐ.ടി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികള്‍ റിയാദിലേക്ക് റീജ്യനല്‍ ആസ്ഥാനങ്ങള്‍ മാറ്റിയിട്ടുണ്ട്. സൗദിയിലേക്ക് റീജ്യനല്‍ ആസ്ഥാനങ്ങള്‍ മാറ്റുന്ന കമ്പനികളെ 30 വര്‍ഷത്തേക്ക് ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കല്‍ അടക്കമുള്ള പ്രോത്സാഹനങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാനും പ്രധാന ബഹുരാഷ്ട്ര കമ്പനികള്‍ റിയാദിലെ റീജ്യനല്‍ ആസ്ഥാനങ്ങള്‍ക്ക് സ്വന്തമായി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നുമുണ്ട്.