തിരുവനന്തപുരം- ബലാത്സംഗ പരാതിയിൽ പ്രതിയായെങ്കിലും മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം. അതേസമയം മുകേഷിനെ ചലച്ചിത്ര നയരൂപീകരണ സമിതിയിൽനിന്ന് മുകേഷിനെ മാറ്റും. നേരത്തെ കോൺഗ്രസിന്റെ എം.എൽ.എമാർക്ക് എതിരെ ആരോപണവും കേസും വന്നെങ്കിലും അവർ രാജിവെച്ചിട്ടില്ലെന്ന് സി.പി.എം വിലയിരുത്തി. സി.പി.എം അവൈലബിൾ സെക്രട്ടറിയേറ്റ് ചേർന്നാണ് തീരുമാനം എടുത്തത്. സി.പി.എം നേതാക്കളായ ഇ.പി ജയരാജനും പി.കെ ശ്രീമതിയും മുകേഷ് രാജിവെക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു.
മുകേഷിന്റെ രാജി സംബന്ധിച്ച് സി.പി.ഐക്കകത്തും വ്യത്യസ്ത അഭിപ്രായമാണ്. ദേശീയ നേതാവ് ആനി രാജ മുകേഷിന്റെ രാജി ആവശ്യപ്പെടുമ്പോൾ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തിരക്കിട്ട രാജിയും കടുത്ത നടപടിയും വേണ്ടെന്ന നിലപാടിലാണ്. ഇക്കാര്യത്തിൽ മുകേഷും സി.പി.എമ്മും തീരുമാനിക്കട്ടെ എന്നാണ് ബിനോയ് വിശ്വം പറയുന്നത്.
നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം പ്രതികരിക്കാമെന്നാണ് മുകേഷ് പറയുന്നത്. തിരുവനന്തപുരം കുമാരപുരത്തെ വീട്ടിൽ കഴിയുകയാണ് മുകേഷ്. ഒളിച്ചോടില്ലെന്നും ആരോപണങ്ങൾക്കെല്ലാം മറുപടിയുണ്ടെന്നും മുകേഷ് വ്യക്തമാക്കി.