തെഹ്‌റാന്‍ – പിതാവ് അലി ഖാംനഇയെ വധിക്കാന്‍ ഇസ്രായിലും അമേരിക്കയും നടത്തിയ വ്യോമാക്രമണത്തിനിടെ വയറിനും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ, ഇറാനിലെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇയെ തെഹ്റാനിലെ സിന ആശുപത്രിയിലേക്ക് മാറ്റിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ അദ്ദേഹം വെന്റിലേറ്ററിലാണ്. അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. യുദ്ധം പൊട്ടിപ്പുറപ്പെട്ടതോ ബോംബാക്രമണത്തില്‍ കുടുംബാംഗങ്ങളുടെ മരണമോ ഉള്‍പ്പെടെയുള്ള സമീപകാല സംഭവങ്ങളെ കുറിച്ച് അദ്ദേഹത്തിന് അറിയില്ല.
രണ്ട് ദിവസം മുമ്പ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ആശുപത്രിയില്‍ നടത്തിയ സന്ദര്‍ശനം മുജ്തബ ഖാംനഇയുടെ ആരോഗ്യനില അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ടതാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാനിലെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുജ്തബ ഖാംനഇ ഇതുവരെ പരസ്യമായി പ്രത്യക്ഷപ്പെടുകയോ പുതിയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രസ്താവനകള്‍ നടത്തുകയോ ചെയ്തിട്ടില്ല.



