റിയാദ് – ആറുപതിറ്റാണ്ടിലേറെക്കാലം സൗദി അറേബ്യയെ സേവിച്ച് രാജ്യത്തെ വിവിധ നിയമങ്ങൾ രൂപീകരിക്കുന്നതിൽ പ്രവർത്തിച്ച സഹമന്ത്രി മുത്തലിബ് അല്‍നഫിസ അന്തരിച്ചു. 88 വയസായിരുന്നു. റോയൽ കോർട്ടാണ് മരണവിവരം അറിയിച്ചത്. തന്റെ മതത്തെയും രാജാവിനെയും രാജ്യത്തെയും സമര്‍പ്പണത്തോടെയും ആത്മാര്‍ഥതയോടെയും സേവിച്ച രാഷ്ട്രതന്ത്രജ്ഞന്‍ ആയിരുന്നു മുത്തലിബ് അല്‍ നഫിസയെന്ന് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ വിശേഷിപ്പിച്ചു. ഇന്ന് വൈകീട്ട് (വെള്ളിയാഴ്ച) അസര്‍ നമസ്‌കാരാനന്തരം റിയാദ് കിംഗ് ഖാലിദ് ജുമാമസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ച് മറവു ചെയ്യുമെന്ന് റോയല്‍ കോര്‍ട്ട് പറഞ്ഞു.
മധ്യ സൗദി അറേബ്യയിലെ അല്‍ഖസീം പ്രവിശ്യയിലെ റിയാദ് അല്‍ഖുബ്‌റായില്‍ 1937 ലാണ് മുത്തലിബ് അല്‍നഫിസയുടെ ജനനം. 1962 ല്‍ ഈജിപ്തിലെ കയ്റോ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി. തുടര്‍ന്ന് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനത്തിന് അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലേക്ക് അയച്ചു. ഹാർവാർഡിൽനിന്ന് 1971 ലും 1975 ലും നിയമത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി.
1962 ല്‍ മന്ത്രിസഭയില്‍ നിയമ ഉപദേഷ്ടാവായി തുടങ്ങി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഹിച്ചു. പിന്നീട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായി. ഈ സമയത്ത് സ്വന്തം ഓഫീസ് സ്ഥാപിച്ച് അഭിഭാഷകവൃത്തി ആരംഭിച്ചു. 1975 ല്‍ ഉപരിപഠനം പൂര്‍ത്തിയാക്കി അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം 1995 വരെ മന്ത്രിസഭക്കു കീഴിലെ വിദഗ്ധ അതോറിറ്റി തലവനായി നിയമിതനായി. 1995 ല്‍ സഹമന്ത്രിയായും കാബിനറ്റ് അംഗമായും നിയമിതനായി. 1999 മുതല്‍ 2015 വരെ പെട്രോളിയം ആന്റ് മിനറല്‍സ് അഫയേഴ്സ് സുപ്രീം കൗണ്‍സില്‍ സെക്രട്ടറി ജനറലും അംഗവുമായി. 2022 സെപ്റ്റംബറില്‍ സഹമന്ത്രിയായും കാബിനറ്റ് അംഗമായും വീണ്ടും നിയമിക്കപ്പെട്ടു. മരണം വരെ ഈ പദവിയില്‍ തുടര്‍ന്നു.
സുപ്രീം ഇക്കണോമിക് കൗണ്‍സില്‍, സിവില്‍, മിലിട്ടറി സര്‍വീസ് കൗണ്‍സിലുകള്‍ എന്നിവയില്‍ അംഗമായിരുന്നു. സഹകരണ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമത്തിനും അഡ്മിനിസ്‌ട്രേറ്റീവ് ഓര്‍ഗനൈസേഷനുമുള്ള രണ്ടു മന്ത്രിതല സമിതികളിലും ഭരണത്തിന്റെ അടിസ്ഥാന നിയമം തയാറാക്കുന്നതിനുള്ള ഉന്നത സമിതിയിലും പ്രവിശ്യ, ശൂറാ കൗണ്‍സില്‍ നിയമ സമിതികളിലും അംഗമായിരുന്നു.