കോഴിക്കോട്: ഉള്ള്യേരിയിൽ ഗർഭസ്ഥ ശിശുമരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. കോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം.
വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന എകരൂൽ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി(35)യാണ് മരിച്ചത്. ഇവരുടെ ഗർഭസ്ഥ ശിശു ഇന്നലെയാണ് മരിച്ചത്. യുവതിയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണം ചികിത്സാപ്പിഴവാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഈ മാസം ഏഴിനാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ മലബാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വേദന വരാത്തതിനെത്തുടർന്ന് ചൊവ്വാഴ്ച മരുന്നുവച്ചു. മാറ്റമില്ലാതെ വന്നതോടെ ബുധനാഴ്ചയും മരുന്നുവച്ചു. ഉച്ചയായപ്പോഴേക്കും വേദനയുണ്ടായി. സാധാരണ രീതിയിൽ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞിരുന്നത്. രാത്രിയോടെ വേദന അസഹനീയമായതോടെ ഓപറേഷൻ വേണമെന്ന് അശ്വതി ആവശ്യപ്പെട്ടെങ്കിലും ഡോക്ടർമാർ ചെയ്യാൻ കൂട്ടാക്കിയില്ലെന്ന് ബന്ധുക്കൾ പ്രതികരിച്ചു.
തുടർന്ന് വ്യാഴാഴ്ച പുലർച്ചെ അശ്വതിയെ സ്‌ട്രെച്ചറിൽ കൊണ്ടുപോകുന്നതാണ് കണ്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. കുറഞ്ഞസമയത്തിന് ശേഷം ഗർഭപാത്രം തകർന്ന് കുട്ടി മരിച്ചുവെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.
തുടർന്ന് ഗർഭപാത്രം നീക്കിയില്ലെങ്കിൽ യുവതിയുടെ ജീവനും അപകടത്തിലാകുമെന്ന് ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് ഗർഭപാത്രം നീക്കാൻ ബന്ധുക്കൾ അനുമതി നല്കുകയായിരുന്നു. ശേഷം ആരോഗ്യസ്ഥിതി കൂടുതൽ വഷളായി വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് ഉച്ചയോടെ അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കോഴിക്കോട്ടെത്തി ഒരു മണിക്കൂറിനകം, വൈകീട്ടോടെയാണ് യുവതി മരിക്കുകയായിരുന്നു. ഇവരുടെ രണ്ടാത്തെ പ്രസവമാണിത്. ആറുവയസ്സുള്ള ഒരു കുഞ്ഞുണ്ട്. സുധാരകരനാണ് യുവതിയുടെ അച്ഛൻ. രത്‌ന അമ്മയുമാണ്.
യുവതിയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ അത്തോളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഗർഭസ്ഥ ശിശുവും അമ്മയും മരിച്ചതിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ ന്യായീകരണം. ബി.പി അനിയന്ത്രിതമായി കൂടിയതാണ് ആരോഗ്യം നിലനിർത്താൻ തിരിച്ചടിയായതെന്നാണ് ഇവരുടെ വാദം.