റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ “ബഹ്ജ” പദ്ധതിക്ക് കീഴിൽ 474 പാർക്കുകളുടെ നിർമാണം പൂർത്തിയായതായി മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം വെളിപ്പെടുത്തി. തെരുവുകൾക്കും പൊതു ഇടങ്ങൾക്കുമിടയിൽ 568 ഇടങ്ങളിൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ ഉല്ലാസ കേന്ദ്രങ്ങൾ സ്ഥാപിച്ചതായും മന്ത്രാലയം അറിയിച്ചു. സൗദി നഗരങ്ങളിലെ ജീവിത നിലവാരം ഉയർത്തുന്നതിൻ്റെ ചട്ടക്കൂടിലാണ് പദ്ധതി വരുന്നത്
പാർക്കുകൾ വികസിപ്പിക്കുന്നതിലൂടെയും പാർപ്പിട മേഖലകളിലെ നഗര ഇടപെടലുകളിലൂടെയും സൗദി നഗരങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള മന്ത്രാലയത്തിൻ്റെ ശ്രമത്തിൻ്റെ ഭാഗമായാണ് പദ്ധതി വരുന്നത്.
കഴിഞ്ഞ വർഷം 5.6 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള 410 പൂന്തോട്ടങ്ങളുടെ പദ്ധതി പൂർത്തീകരിച്ചതായും മന്ത്രാലയം സൂചിപ്പിച്ചു. ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും സന്തോഷിക്കാനായി അവസരം ഒരുക്കുകയുമാണ് ലക്ഷ്യം.
2030-ഓടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ 7,000 പാർക്കുകളും സ്ഥാപിക്കും. ലോകത്തിലെ ഏറ്റവും മികച്ച 100 മികച്ച നഗരങ്ങളിൽ മൂന്നെണ്ണം സൗദിയിൽനിന്നായിരിക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.