ഗാസ: ഫലസ്തീനെ രാഷ്ട്രമായി കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ അംഗീകരിക്കുന്നത് ഇസ്രായിൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിന് ഏൽപ്പിക്കുന്നത് കനത്ത പ്രഹരം. അയർലൻഡ്, സ്പെയിൻ, നോർവേ എന്നീ രാജ്യങ്ങളാണ് ഫലസ്തീനെ രാഷ്ട്രമായി ഏറ്റവും ഒടുവിൽ അംഗീകരിച്ചത്. ഫലസ്തീൻ ജനതയെ സ്വാതന്ത്ര്യത്തിലേക്കും നീതിയിലേക്കും കൂടുതൽ അടുപ്പിക്കുന്ന ശക്തമായ രാഷ്ട്രീയവും സുപ്രധാന ചുവടുവെപ്പുമാണിതെന്ന് ദീർഘകാലമായി ഫലസ്തീൻ രാഷ്ട്രീയത്തെ നിരീക്ഷിക്കുന്ന മുസ്തഫ ബർഗൂട്ടി പറഞ്ഞു.
ഫലസ്തീൻ ജനതയുടെ സ്വയം നിർണ്ണയത്തിനുള്ള അവകാശങ്ങൾ നിശ്ചയിക്കുന്നതിൽ ഇത് വളരെ പ്രധാനപ്പെട്ട ഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു. നെതന്യാഹുവിനും അദ്ദേഹത്തിൻ്റെ തീവ്ര സർക്കാരിനും അദ്ദേഹത്തിൻ്റെ ഗവൺമെൻ്റിലെ ഫാസിസ്റ്റുകൾക്കും ഒരു പ്രഹരമാണിത്. ഇസ്രായേൽ സർക്കാരിലെ ഫാസിസത്തിൻ്റെയും തീവ്രവാദത്തിൻ്റെയും പ്രവർത്തനങ്ങൾക്ക് ഭാവിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ രാഷ്ട്രപദവി അംഗീകരിക്കുമെന്ന സ്പെയിൻ, അയർലൻഡ്, നോർവേ എന്നിവയുടെ പ്രഖ്യാപനത്തിന് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ്റെ (പിഎൽഒ) എക്സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി ജനറൽ ഹുസൈൻ അൽ ഷെയ്ഖ് നന്ദി അറിയിച്ചു.
ഫലസ്തീൻ ജനതയുടെ ദശാബ്ദങ്ങൾ നീണ്ട ദേശീയ പോരാട്ടം, കഷ്ടപ്പാടുകൾ, വേദന, അധിനിവേശം, വംശീയത, കൊലപാതകം, അടിച്ചമർത്തൽ, ദുരുപയോഗം, നാശം എന്നിവയ്ക്ക് ശേഷം സ്വതന്ത്ര ലോകം സത്യത്തിനും നീതിക്കും വേണ്ടി വിജയിക്കുന്ന ചരിത്ര നിമിഷങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന ലോകരാജ്യങ്ങളോട് ഞങ്ങൾ നന്ദി പറയുന്നു, അൽ-ഷൈഖ് കൂട്ടിച്ചേർത്തു.
അയർലൻഡ്, നോർവേ, സ്പെയിൻ എന്നീ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് അയർലൻഡ് പ്രധാനമന്ത്രി സൈമൺ ഹാരിസ് പറഞ്ഞു. തീരുമാനം പ്രാബല്യത്തിൽ വരുത്തുന്നതിന് ആവശ്യമായ നടപടികളെല്ലാം നമ്മൾ ഓരോരുത്തരും ഇപ്പോൾ ഏറ്റെടുക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വരും ആഴ്ചകളിൽ ഈ സുപ്രധാന ചുവടുവെപ്പിൽ കൂടുതൽ രാജ്യങ്ങൾ ഞങ്ങളോടൊപ്പം ചേരുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നീക്കതത്തെ അറബ് ലീഗും സ്വാഗതം ചെയ്തു. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാത്തവർ ഇത് കാണണമെന്നും അറബ് ലീഗ് പ്രസ്താവനയിൽ അറിയിച്ചു.