മുംബൈ: മഹാരാഷ്ട്രയിലെ വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് ബി.ജെ.പി ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ വിനോദ് താവ്‌ഡെ ഉൾപ്പെടെയുള്ള നേതാക്കൾ പാൽഘർ ജില്ലയിലെ വിരാറിൽ ഹോട്ടലിൽ പണം വിതരണം ചെയ്തതായി ആരോപണം. നലസോപാരയിലെ ബി.ജെ.പി സ്ഥാനാർത്ഥി രാജൻ നായിക് വോട്ടർമാരെ സ്വാധീനിക്കാനായി പണം വിതരണം ചെയ്യുകയായിരുന്നുവെന്ന് ബഹുജൻ വികാസ് അഘാഡി ആരോപിച്ചു. സിറ്റിംഗ് എം.എൽ.എയും ബഹുജൻ വികാസ് അഘാഡി നേതാവുമായ ക്ഷിതിജ് താക്കൂർ തൻ്റെ അനുയായികളോടൊപ്പം ഹോട്ടലിലെത്തി. ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ താവ്‌ഡെയെ ഘരാവോ ചെയ്തു.
ഇവിടെനിന്ന് അഞ്ചു കോടി രൂപയും പിടികൂടിയെന്ന് പ്രവർത്തകർ അവകാശപ്പെട്ടു. ബഹുജൻ വികാസ് അഘാഡി അനുകൂലികൾ താവ്‌ഡെയുടെ മുന്നിൽ കറൻസി നോട്ടുകൾ വീശുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പണബലം ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് ഹോട്ടലിൽ നിന്നുള്ള വീഡിയോ പങ്കുവെച്ചു. “ഉന്നത നേതാക്കൾ പോലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് എക്‌സിലെ ഒരു പോസ്റ്റിൽ ആവശ്യപ്പെട്ടു. ആരോപണങ്ങൾ ബി.ജെ.പി നിഷേധിച്ചു. ചവറ്റുകുട്ടയിൽ തള്ളേണ്ട ആരോപണങ്ങളാണെന്നും സിസിടിവി ദൃശ്യങ്ങൾ സ്കാൻ ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു.നാളെയാണ് മഹാരാഷ്ട്രയിലെ വോട്ടെടുപ്പ്.