തിരുവനന്തപുരം: സിനിമാ താരങ്ങൾക്കെതിരേയുള്ള ലൈംഗികാതിക്രമ പരാതികൾക്കും വിവാദങ്ങൾക്കുമിടെ, നടനും അമ്മ മുൻ പ്രസിഡന്റുമായ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപോർട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമയിലുണ്ടായ പൊട്ടിത്തെറികൾക്കും അമ്മ ഭരണസമിതിയുടെ രാജിക്കും ശേഷം ആദ്യമായാണ് മോഹൻലാൽ മാധ്യമങ്ങളുടെ മുന്നിലെത്തുന്നത്.
തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്കാണ് താരം മാധ്യമങ്ങളെ കാണുക. കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് ചടങ്ങിന് ശേഷമാണ് മോഹൻലാൽ മാധ്യമങ്ങളെ കാണുകയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ഈ പരിപാടിയിൽ പങ്കെടുക്കുന്ന മാധ്യമ പ്രവർത്തകരുടെ വിവരങ്ങൾ അറിയിക്കാൻ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.
ഹേമ കമ്മിറ്റി റിപോർട്ട് പുറത്തുവരികയും മുതിർന്ന പല താരങ്ങൾക്കും സംവിധായകർക്കുമെതിരേ ഗുരുതരമായ ആരോപണങ്ങളും രാജിയും കേസുകളുമുണ്ടായിട്ടും അമ്മ പ്രസിഡന്റായിരുന്ന നടൻ മോഹൻലാലും മെഗാസ്റ്റാർ മമ്മൂട്ടിയും അടക്കമുള്ളവർ പ്രതികരിക്കാത്തത് സമൂഹമാധ്യമങ്ങളിലും മറ്റും കടുത്ത വിമർശങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ വിഷയത്തിൽ കൃത്യമായ പ്രതികരണം നടത്താൻ മോഹൻലാൽ അടക്കമുള്ളവർ തയ്യാറാകുമോ എന്ന് കാത്തിരിക്കുകയാണ് മലയാളി സമൂഹം.
അമ്മ പിരിച്ചുവിടലിലൂടെ യഥാർത്ഥ ഉത്തരവാദിത്തം മറന്ന് മുഖം രക്ഷിക്കാനുള്ള ഒളിച്ചോട്ടമാണ് മോഹൻലാൽ അടക്കമുള്ളവരിൽനിന്ന് ഉണ്ടായതെന്നും നടിമാർ അടക്കമുള്ളവർ പ്രതികരിക്കുകയുണ്ടായി. ഇതോടെല്ലാം താരത്തിന്റെ പ്രതികരണം എന്താണെന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഒപ്പം പിരിച്ചുവിട്ട അമ്മയുടെ പുതിയ ഭരണസമിതി സംബന്ധിച്ചും നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ എന്നും കാതോർക്കുന്നു.