ഗാസ – തുടര്‍ച്ചയായി നാല്‍പതു വര്‍ഷം ഇസ്രായിലി ജയിലുകളില്‍ കഴിഞ്ഞ ഫലസ്തീന്‍ തടവുകാരന്‍ മുഹമ്മദ് തൗസിനെ ബന്ദി കൈമാറ്റ കരാറിന്റെ ഭാഗമായി ഇസ്രായില്‍ വിട്ടയക്കുന്നു. ഫലസ്തീനിയന്‍ പ്രിസണേഴ്‌സ് സൊസൈറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 69 കാരനായ മുഹമ്മദ് തൗസ് 1985 മുതല്‍ തടവിലാണ്. ഫതഹ് പ്രസ്ഥാനത്തിലെ അംഗമായ മുഹമ്മദ് തൗസ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയായിരുന്നു. ജയില്‍ മോചിതനാകുമെങ്കിലും സ്വന്തം രാജ്യത്ത് ബന്ധുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ശിഷ്ട കാലം ജീവിക്കാന്‍ മുഹമ്മദ് തൗസിന് ഭാഗ്യമുണ്ടാകില്ല. ഗാസക്കും വെസ്റ്റ് ബാങ്കിനും പുറത്തേക്ക് നാടുകടത്തപ്പെടുന്ന തടവുകാരില്‍ മുഹമ്മദ് തൗസും ഉള്‍പ്പെടുന്നു.
ഹമാസും ഇസ്രായിലും തമ്മിലുള്ള ബന്ദി കൈമാറ്റ കരാറിന്റെ ഭാഗമായി നാലു ഇസ്രായിലി വനിതാ ബന്ദികള്‍ക്ക് പകരമായി ഇന്ന് ഇസ്രായില്‍ ജയിലുകളില്‍ നിന്ന് 200 ഫലസ്തീന്‍ തടവുകാരെ വിട്ടയക്കും. ഇക്കൂട്ടത്തില്‍ മുഹമ്മദ് തൗസ് അടക്കം ജീവപര്യന്തം തടവ് അനുഭവിക്കുന്ന 120 പേരും ഉള്‍പ്പെടുന്നു.
അതേസമയം, ഇന്ന് വിട്ടയക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന സിവിലിയന്‍ ബന്ദിയായ അര്‍ബെല്‍ യെഹൂദിന്റെ പ്രശ്‌നം പരിഹരിക്കുന്നതുവരെ ഉത്തര ഗാസയിലേക്ക് പ്രവേശിക്കാന്‍ ഫലസ്തീനികളെ ഇസ്രായില്‍ അനുവദിക്കില്ലെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
അര്‍ബെല്‍ യെഹൂദ് ഉള്‍പ്പെടെയുള്ള ഇസ്രായിലി സിവിലിയന്മാരെ ആദ്യം വിട്ടയച്ചുകൊണ്ട് ഇസ്രായിലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് പാലിച്ചിട്ടില്ലെന്ന് ഇസ്രായിലി സൈനിക വക്താവ് അവിചായ് അഡ്രഇ ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞു. ഇന്ന് വിട്ടയക്കാന്‍ പോകുന്ന 200 ഓളം ഫലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിന് പകരമായി നാലു ഇസ്രായേലി വനിതാ സൈനികരെ ഹമാസ് വിട്ടയച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെയും സൈനിക വക്താവിന്റെയും പുതിയ പ്രസ്താവനകള്‍ പുറത്തുവന്നത്.
അര്‍ബെല്‍ യെഹൂദ് ജീവിച്ചിരിപ്പുണ്ടെന്നും അടുത്ത ശനിയാഴ്ച അവരെ വിട്ടയക്കുമെന്നും ഹമാസ് മധ്യസ്ഥരെ അറിയിച്ചതായി ഹമാസ് നേതാക്കളില്‍ ഒരാള്‍ പിന്നീട് പറഞ്ഞു. ഇസ്‌ലാമിക് ജിഹാദിനു കീഴിലെ സൈനിക വിഭാഗമായ അല്‍ഖുദ്സ് ബ്രിഗേഡ്‌സിന്റെ കസ്റ്റഡിയിലാണ് അര്‍ബെല്‍ യെഹൂദ് ഉള്ളതെന്നും വെടിനിര്‍ത്തല്‍ കരാര്‍ നിബന്ധനകള്‍ പ്രകാരം അവരെ വിട്ടയക്കുമെന്നും ഹമാസ് പ്രസ്താവിച്ചു.