ജിദ്ദ – ഇറാന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ജവാദ് സരീഫ് രാജിവെച്ചു. നേരത്തെ ഇറാന്‍ വിദേശ മന്ത്രിയായി മുഹമ്മദ് സരീഫ് സേവനമനുഷ്ഠിച്ചിരുന്നു. പുതിയ മന്ത്രിമാരുടെ നിര്‍ദിഷ്ട പട്ടിക ഇറാനിലെ ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും യുവാക്കളുടെയും പ്രാതിനിധ്യം പ്രതിഫലിപ്പിക്കുന്നില്ല എന്ന കാരണം പറഞ്ഞാണ് മുഹമ്മദ് സരീഫ് വൈസ് പ്രസിഡന്റ് പദവിയില്‍ നിന്നുള്ള രാജി പ്രഖ്യാപിച്ചത്. സര്‍ക്കാറിലെ ഈ അസന്തുലിതമായ പ്രാതിനിധ്യമാണ് രാജി തീരുമാനം എടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് മുഹമ്മദ് സരീഫ് പറഞ്ഞു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്ര്‌സിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഈ മാസം രണ്ടിനാണ് മുഹമ്മദ് സരീഫിനെ വൈസ് പ്രസിഡന്റ് ആയി നിയമിച്ചത്.
കഴിഞ്ഞ മാസം പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട മസൂദ് പെസെഷ്‌കിയാന്‍ ഇന്നലെ പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ താന്‍ നിര്‍ദേശിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ പട്ടിക പാര്‍ലമെന്റിന് സമര്‍പ്പിച്ചിരുന്നു. 19 പേര്‍ അടങ്ങിയ പട്ടികയില്‍ ഒരു വനിത മാത്രമാണുള്ളത്. ഇതിലുള്ള അസംതൃപ്തി പ്രകടിപ്പിച്ചാണ് മുഹമ്മദ് സരീഫ് രാജി പ്രഖ്യാപിച്ചത്.