ഗാസ – ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സ് കമാന്‍ഡറായിരുന്ന മുഹമ്മദ് അല്‍ദൈഫ് അടക്കമുള്ള നേതാക്കള്‍ ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. മുഹമ്മദ് അല്‍ദൈഫ് കൊല്ലപ്പെട്ടതായി ഏഴു മാസത്തിലേറെ മുമ്പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്സ് വക്താവ് അബൂഉബൈദയാണ് മുഹമ്മദ് അല്‍ദൈഫും ആറു മുതിര്‍ന്ന നേതാക്കളും കൊല്ലപ്പെട്ട വിവരം അറിയിച്ചത്. ഗാസയില്‍ വെടിനിര്‍ത്തല്‍ വന്ന ശേഷമാണ് മുഹമ്മദ് അല്‍ദൈഫിന്റെ മൃതദേഹം ഹമാസ് കണ്ടെടുത്തതെന്നാണ് വിവരം.
അല്‍ഖസ്സാം ബ്രിഗേഡ്‌സ് കമാന്‍ഡര്‍ ഇന്‍ ചീഫ് മുഹമ്മദ് അല്‍ദൈഫ്, ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് മര്‍വാന്‍ ഈസ, ആയുധ, കോംബാറ്റ് സര്‍വീസസ് വിഭാഗം മേധാവി ഗാസി അബൂതമാഅ, ഹ്യൂമന്‍ റിസോഴ്സ് കമാന്‍ഡര്‍ റാഇദ് സാബിത്ത്, ഖാന്‍ യൂനിസ് ബ്രിഗേഡ് കമാന്‍ഡര്‍ റാഫിഅ് സലാമ, നോര്‍ത്തേണ്‍ ബ്രിഗേഡ് കമാന്‍ഡര്‍ അഹ്മദ് അല്‍ഗന്ദൂര്‍, സെന്‍ട്രല്‍ ബ്രിഗേഡ് കമാന്‍ഡര്‍ അയ്മന്‍ നൗഫല്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അബൂഉബൈദ പറഞ്ഞു. അല്‍ബുറൈജ് അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ സെന്‍ട്രല്‍ ബ്രിഗേഡ് കമാന്‍ഡര്‍ അയ്മന്‍ നൗഫല്‍ കൊല്ലപ്പെട്ടതായി 2023 ഒക്‌ടോബറിലും ഉത്തര ഗാസയില്‍ ഇസ്രായില്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ നോര്‍ത്തേണ്‍ ബ്രിഗേഡ് കമാന്‍ഡര്‍ അഹ്മദ് അല്‍ഗന്ദൂര്‍ കൊല്ലപ്പെട്ടതായി 2023 നവംബറിലും അല്‍ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചിരുന്നു. മറ്റുള്ളവര്‍ കൊല്ലപ്പെട്ട വിവരം അല്‍ഖസ്സാം ബ്രിഗേഡ്‌സ് വെളിപ്പെടുത്തിയിരുന്നില്ല.

എല്ലാ സുരക്ഷാ മുന്‍കരുതലുകളും പാലിച്ചും ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയും പരിശോധനകള്‍ നടത്തി ബന്ധപ്പെട്ട എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്ത ശേഷമാണ് നേതാക്കളുടെ മരണ വിവരം സ്ഥിരീകരിച്ച് പുറത്തറിയിക്കുന്നതെന്ന് അബൂഉബൈദ പറഞ്ഞു. ഗാസ യുദ്ധത്തിലുടനീളം അല്‍ഖസ്സാം ബ്രിഗേഡ്‌സ് സംവിധാനത്തിന് ഒരു മണിക്കൂര്‍ പോലും നേതൃത്വ ശൂന്യത അനുഭവപ്പെട്ടില്ല എന്നും ഒരു നേതാവിന് ശേഷം നിരവധി നേതാക്കള്‍ ഉണ്ടാകുമെന്നും ഒരു രക്തസാക്ഷി ആയിരം രക്തസാക്ഷികളെ അവശേഷിപ്പിക്കുന്നു എന്നും അബൂഉബൈദ പറഞ്ഞു. 2023 ഒക്‌ടോബര്‍ ഏഴിന് ദക്ഷിണ ഇസ്രായിലില്‍ ഹമാസ് നടത്തിയ അഭൂതപൂര്‍വമായ മിന്നലാക്രമണത്തിന് മുഹമ്മദ് അല്‍ദൈഫ് നേതൃത്വം നല്‍കിയെന്നും ആക്രമണം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്‌തെന്നും ഇസ്രായില്‍ സൈന്യം ആരോപിക്കുന്നു.
അല്‍ഖസ്സാം ബ്രിഗേഡ്‌സ് കമാന്‍ഡര്‍ ഇന്‍ ചീഫ് മുഹമ്മദ് അല്‍ദൈഫ് കൊല്ലപ്പെട്ടത് സ്ഥിരീകരിക്കുന്ന പുതിയ സൂചനകള്‍ ഗാസക്കകത്തും പുറത്തുമുള്ള ഹമാസ് നേതൃത്വത്തിന് ലഭിച്ചതായി നവംബറില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മുഹമ്മദ് അല്‍ദൈഫ് കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഹമാസ് ആ സമയത്ത് അത് നിഷേധിച്ചു. ഇന്നലെ വൈകീട്ട് അബൂഉബൈദ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. മുഹമ്മദ് അല്‍ദൈഫുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഹമാസുമായി അടുത്ത വൃത്തങ്ങള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.
ദക്ഷിണ ഗാസയിലെ ഖാന്‍ യൂനിസിലെ അല്‍മവാസി ഏരിയയില്‍ 2024 ജൂലൈ 13 ന് മുഹമ്മദ് അല്‍ദൈഫിനെയും ഖാന്‍ യൂനിസ് ബ്രിഗേഡ് കമാന്‍ഡറായ റാഫിഅ് സലാമയെയും ഒരുമിച്ചാണ് ഇസ്രായില്‍ ലക്ഷ്യമിട്ടത്.
ആക്രമണത്തിനു ശേഷം മുഹമ്മദ് അല്‍ദൈഫുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും, ആക്രമണം നടന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഒരാളുടെ ശരീരത്തിന്റെ പകുതി ഭാഗം കണ്ടെത്തിയെന്നും ഈ ശരീരഭാഗം മുഹമ്മദ് അല്‍ദൈഫിന്റെതായിരിക്കാനാണ് സാധ്യതയെന്നും സ്ഥിരീകരിക്കുന്ന സന്ദേശം ഹമാസ് നേതാക്കള്‍ക്ക് ലഭിച്ചിരുന്നു. പക്ഷേ, തിരിച്ചറിയാന്‍ കഴിയാത്ത വിധം ശരീരഭാഗത്തുണ്ടായ പരിക്കുകള്‍ കാരണം മൃതദേഹം മുഹമ്മദ് അല്‍ദൈഫിന്റെത് തന്നെയാണെന്ന് ആ സമയത്ത് സ്ഥിരീകരിച്ചിരുന്നില്ല. അല്‍ദൈഫിന്റെതെന്ന് കരുതുന്ന ശരീരത്തിന്റെ പകുതി ഭാഗം മണിക്കൂറുകളോളം സൂക്ഷിച്ചുവെന്നും ഖാന്‍ യൂനിസ് ഖബര്‍സ്ഥാനുകളിലൊന്നില്‍ മറവു ചെയ്യുന്നതിനു മുമ്പ് അതില്‍ നിന്ന് സാമ്പിളുകള്‍ എടുത്തതായും അന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നു. ഈ ശരീരഭാഗം മുഹമ്മദ് അല്‍ദൈഫിന്റെതാണെന്ന് സാമ്പിള്‍ പരിശോധനയിലൂടെ പിന്നീട് സ്ഥിരീകരിച്ചു.
2024 ജൂലൈ 13 ന് ഉച്ചക്ക് ഖാന്‍ യൂനിസിലെ അല്‍മവാസി പ്രദേശത്തെ പിടിച്ചുകുലുക്കിയ ബോംബാക്രമണത്തിളില്‍ 90 ലേറെ പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. 2,000 പൗണ്ട് ഭാരമുള്ള നിരവധി ബോംബുകള്‍ ആക്രമണത്തിന് ഇസ്രായില്‍ ഉപയോഗിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുഹമ്മദ് അല്‍ദൈഫിനു ശേഷം മുഹമ്മദ് അല്‍സിന്‍വാര്‍ ആണ് അല്‍ഖസ്സാം ബ്രിഗേഡ്‌സിനെ നയിക്കുന്നതെന്ന് കരുതപ്പെടുന്നു. 2023 ഒക്‌ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായി ഇസ്രായില്‍ അന്വേഷിക്കുന്ന വ്യക്തിയാണ് മുന്‍ ഹമാസ് നേതാവ് യഹ്‌യ അല്‍സിന്‍വാറിന്റെ സഹോദരന്‍ കൂടിയായ മുഹമ്മദ് അല്‍സിന്‍വാര്‍.