ലഖ്നൗ- കോൺഗ്രസ്-എസ്.പി സഖ്യം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ബുൾഡോസർ വെച്ചു തകർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. യു.പിയിൽ തെരഞ്ഞെടുപ്പ് യോഗത്തിലാണ് മോഡി ഇക്കാര്യം പറഞ്ഞത്. അയോധ്യയിലെ രാംലല്ലയെ കോൺഗ്രസ് വീണ്ടും കൂടാരത്തിലേക്ക് മാറ്റുമെന്നും മോഡി പറഞ്ഞു. ബുൾഡോസർ എവിടെയാണ് ഓടിക്കേണ്ടതെന്ന് കോൺഗ്രസും എസ്.പിയും യോഗി ആദിത്യനാഥിൽനിന്ന് പഠിക്കണമെന്നും മോഡി പറഞ്ഞു.
യോഗി ആദിത്യനാഥിനെ യുപി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ അമിത് ഷായും പ്രധാനമന്ത്രി മോദിയും ആലോചിക്കുന്നതായി ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി മോഡിയുടെ പ്രസ്താവന. 2025 സെപ്തംബർ 17 ന് പ്രധാനമന്ത്രി മോദിക്ക് 75 വയസ്സ് തികയുന്ന ദിവസം ഷായ്ക്ക് പ്രധാനമന്ത്രിയാകാൻ വഴിയൊരുക്കുന്നതിനായി യോഗി ആദിത്യനാഥിനെ രണ്ട് മാസത്തിനുള്ളിൽ പുറത്താക്കുമെന്നും കെജ്രിവാൾ പറഞ്ഞു.