ന്യൂദൽഹി: മുസ്ലിംകളെ താൻ നുഴഞ്ഞുകയറ്റക്കാർ എന്ന് വിളിച്ചിട്ടില്ലെന്നും നുഴഞ്ഞുകയറ്റക്കാർ എന്ന പരാമർശം മുസ്ലിംകൾക്കെതിരാണ് എന്ന വ്യാഖ്യാനം ഞെട്ടിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. തന്റെ പ്രസംഗത്തിൽ മുസ്ലിമെന്നോ ഹിന്ദുവെന്നോ പരാമർശിച്ചിട്ടില്ലെന്നും മോഡി ന്യൂസ് 18ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
“ഞാൻ ഞെട്ടിപ്പോയി, കൂടുതൽ കുട്ടികളുള്ളവരെക്കുറിച്ച് സംസാരിക്കുമ്പോൾ മുസ്ലീങ്ങളെ മാത്രമേ പരാമർശിക്കൂ എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? നിങ്ങൾ മുസ്ലീങ്ങളോട് അനീതി കാണിക്കുന്നത് എന്തുകൊണ്ടാണ്? പാവപ്പെട്ട കുടുംബങ്ങളിലെ അവസ്ഥയെ പറ്റിയാണ് ഞാൻ പറഞ്ഞത്. ദാരിദ്ര്യം ഉള്ളിടത്ത്, അവരുടെ സാമൂഹിക വലയം പരിഗണിക്കാതെ കൂടുതൽ കുട്ടികളുണ്ട്. ഞാൻ ഹിന്ദുവോ മുസ്ലീമോ എന്ന് പറഞ്ഞിട്ടില്ല. ഒരാൾക്ക് പരിപാലിക്കാൻ കഴിയുന്നത്ര കുട്ടികളുണ്ടാകണമെന്ന് ഞാന് പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ കുട്ടികളെ സംസ്ഥാനം പരിപാലിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും മോഡി പറഞ്ഞു.
ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിംകൾ തനിക്ക് വോട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, എൻ്റെ രാജ്യത്തെ ജനങ്ങൾ എനിക്ക് വോട്ട് ചെയ്യുമെന്നായിരുന്നു മോഡിയുടെ മറപുടി. ഹിന്ദുവിനെയും മുസ്ലിമിനെയും പറ്റി വേർതിരിച്ചു പറഞ്ഞു തുടങ്ങിയാൽ എനിക്ക് സമൂഹത്തിൽ ജീവിക്കാൻ അർഹതയില്ലാതാകും. ഞാൻ ഹിന്ദു-മുസ്ലീം വേർതിരിവ് കാണിക്കില്ല. ഇതാണ് തൻ്റെ പ്രതിജ്ഞയെന്നും മോഡി പറഞ്ഞു.
അതേസമയം, മോഡി മുസ്ലിംകളെ പരാമർശിച്ച് പ്രസംഗിച്ച വീഡിയോ ഇതോടകം സമൂഹമാധ്യമങ്ങളിൽ ആളുകൾ റീ പോസ്റ്റ് ചെയ്തു.
ജനങ്ങളുടെ അധ്വാനിച്ചുണ്ടാക്കിയ പണവും വിലപിടിപ്പുള്ള വസ്തുക്കളും നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകാൻ കോൺഗ്രസ് പദ്ധതിയിടുന്നുവെന്ന് തിരഞ്ഞെടുപ്പ് റാലിയിൽ മോഡി ആരോപിച്ചിരുന്നു.
“മുമ്പ്, കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ, രാജ്യത്തിൻ്റെ സ്വത്തിൽ മുസ്ലീങ്ങൾക്ക് ആദ്യ അവകാശമുണ്ടെന്ന് കോൺഗ്രസ് പറഞ്ഞിരുന്നു. ഇതിനർത്ഥം ഈ സ്വത്ത് ആർക്ക് വിതരണം ചെയ്യുമെന്നാണ്. കൂടുതൽ കുട്ടികളുള്ളവർക്ക് ഇത് വിതരണം ചെയ്യും എന്നാണ് അർത്ഥം. – ഏപ്രിൽ 21 ന് രാജസ്ഥാനിലെ ബൻസ്വാരയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് മോഡി ഇക്കാര്യം പറഞ്ഞത്.