ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിനെ തുടർന്ന് ഇന്ത്യയ്ക്കും പാകിസ്താനുമിടയിലുണ്ടായ സംഘർഷത്തിൽ ഇന്ത്യ വെടിനിർത്തലിന് സമ്മതിച്ചത് പാകിസ്താൻ ഇങ്ങോട്ട് സമീപിച്ചപ്പോഴെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഓപറേഷൻ സിന്ദൂർ വൻ വിജയമായെന്നും പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളെല്ലാം തകർത്ത ശേഷമാണ് ഇന്ത്യൻ സൈന്യം വെടിനിർത്തിയതെന്നും പാകിസ്താൻ ഇനിയും പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കരസേനയെയും വ്യോമസേനയെയും നാവികസേനയെയും ബി.എസ്.എഫിനെയും പേരെടുത്ത് പ്രശംസിച്ച പ്രധാനമന്ത്രി, പാകിസ്താന്റെ അവകാശവാദത്തെപ്പറ്റി ഒന്നും പരാമർശിച്ചില്ല. ഓപറേഷൻ സന്ദൂർ ഇന്ത്യയിലെ ഓരോ മാതാവിനും സഹോദരിക്കും പെൺകുട്ടിക്കും സമർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പഹൽഗാമിലെ ഭീകരാക്രമണത്തെ പരാമർശിച്ച് പ്രഭാഷണം തുടങ്ങിയ പ്രധാനമന്ത്രി, ഭീകരവാദികൾ സ്വപ്‌നത്തിൽ പോലും കാണാത്ത നീക്കമാണ് ഇന്ത്യ നടത്തിയതെന്ന് അറിയിച്ചു. പാകിസ്താൻ ഇന്ത്യക്കെതിരെ മാത്രമല്ല ഭീകരവാദം വളർത്തുന്നത്, അന്താരാഷ്ട്ര സമൂഹത്തിനു നേരെയുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള ഭീകരവാദ യൂണിവേഴ്‌സിറ്റികളാണ് നടത്തുന്നത്, ഇത്തരം ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന് ശക്തമായ സന്ദേശം നൽകാൻ ഓപറേഷൻ സന്ദൂറിലൂടെ കഴിഞ്ഞു. ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിന് മറുപടിയായി പാകിസ്താൻ സ്‌കൂളുകളെയും യൂണിവേഴ്‌സിറ്റികളെയും ക്ഷേത്രങ്ങളെയും ഗുരുദ്വാരകളെയും സാധാരണക്കാരുട വീടുകളെയുമാണ് ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദവും ചർച്ചകളും ഒന്നിച്ചു പോകില്ല, ഓപറേഷൻ സിന്ദൂർ ഇന്ത്യയുടെ ന്യൂ നോർമൽ ആയി മാറി, ആണവായുധങ്ങൾ കാണിച്ച് രാജ്യത്തെ ഭീഷണിപ്പെടുത്താൻ അനുവദിക്കില്ല, ഭീകരവാദത്തിന്റെ കാര്യത്തിൽ പാകിസ്താൻ ഗവൺമെന്റ് – ഭീകരവാദികൾ എന്ന വ്യത്യാസം കാണിക്കില്ല ഇന്ത്യയ്ക്കു നേരെ ഭീകരവാദമുണ്ടായാൽ ശക്തമായി തിരിച്ചടിക്കും, ഭീകരതയും വ്യാപാരവും ഒന്നിച്ചു പോകില്ല, വെള്ളവും രക്തവും ഒന്നിച്ച് ഒഴുകില്ല. – മോദി പറഞ്ഞു.
പാകിസ്താനുമായി ഇനി ചർച്ചകൾ ഉണ്ടാവുകയാണെങ്കിൽ അത് ഭീകരവാദത്തെക്കുറിച്ചും പാക് അധീന കശ്മീരിനെക്കുറിച്ചും മാത്രമായിരിക്കുമെന്ന് ലോകത്തെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ ഇന്ത്യക്കാരും സമാധാനത്തോടെ ജീവിക്കുന്ന സാഹചര്യമുണ്ടാകണം. അതിനു വേണ്ടി രാജ്യം ശക്തിയാർജിക്കണം. – പ്രധാനമന്ത്രി പറഞ്ഞു. പാകിസ്താനുമായുള്ള സംഘർഷത്തിൽ ഇന്ത്യയിൽ നിർമിച്ച ആയുധങ്ങൾ നിർണായക പങ്കുവഹിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.