ന്യൂദൽഹി- മഹാരാഷ്ട്രയിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നതിൽ മാപ്പു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോഡി. എട്ടുമാസം മുമ്പ് മോഡി അനാച്ഛാദനം ചെയ്ത പ്രതിമ കഴിഞ്ഞ ദിവസം തകർന്നുവീണിരുന്നു. പ്രതിമ തകർന്നതിൽ ദുഖം കൊണ്ട് തലകുനിയുന്നതായി മോഡി പറഞ്ഞു. ഛത്രപതി ശിവജി മഹാരാജിനെ തൻ്റെ “ദൈവം” എന്ന് വിളിച്ച മോഡി, 17-ാം നൂറ്റാണ്ടിലെ ആദരണീയനായ യോദ്ധാവായ രാജാവിനോടും സിന്ധുദുർഗിലെ രാജ്‌കോട്ട് കോട്ടയിൽ ശിവജിയുടെ പ്രതിമ തകർന്നതിൽ അസ്വസ്ഥരായ എല്ലാവരോടും മാപ്പു പറയുന്നവെന്നും വ്യക്തമാക്കി.
ഛത്രപതി ശിവാജി മഹാരാജ് വെറുമൊരു പേരോ രാജാവോ അല്ല. നമുക്ക് അദ്ദേഹം നമ്മുടെ ദൈവമാണ്, ഇന്ന് ഞാൻ അദ്ദേഹത്തിൻ്റെ പാദങ്ങളിൽ തല കുനിച്ച് എൻ്റെ ദൈവത്തോട് മാപ്പ് ചോദിക്കുന്നു. പാൽഘറിലെ പരിപാടിയിൽ സംസാരിക്കവെ മോഡി പറഞ്ഞു. ശിവാജി മഹാരാജിന്റെ പ്രതിമ തകർന്നതിൽ മഹാരാഷ്ട്രയിൽ രോഷം ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രി മോഡിയുടെ ക്ഷമാപണം.
നമ്മുടെ മൂല്യങ്ങൾ വ്യത്യസ്തമാണ്. നമുക്ക്, നമ്മുടെ ദൈവത്തേക്കാൾ വലുതായി ഒന്നുമില്ല. ഇവിടെയിറങ്ങിയ നിമിഷം, പ്രതിമ തകർന്നതിൽ ആദ്യം ഞാൻ ശിവജി മഹാരാജിനോട് മാപ്പ് പറഞ്ഞു. തകർച്ചയിൽ വേദനിച്ചവരോടും ഞാൻ ക്ഷമ ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, പ്രതിമ തകർന്ന വിഷയത്തിൽ രംഗത്തെത്തിയ പ്രതിപക്ഷത്തെയും മോഡി വിമർശിച്ചു. ചിലർ വീർ സവർക്കറെ അധിക്ഷേപിക്കുന്നത് തുടരുകയാണെന്നും പക്ഷേ അദ്ദേഹത്തെ അപമാനിച്ചതിന് മാപ്പ് പറയാൻ തയ്യാറല്ലെന്നും മോഡി പറഞ്ഞു.
പ്രതിമ തകർന്ന സംഭവത്തിൽ ബി.ജെ.പി പങ്കാളികളായ ഷിൻഡെ സർക്കാറിന് സ്വന്തം സഖ്യകക്ഷിയായ എൻ.സി.പിയിൽ (അജിത് പവാർ)നിന്നും ശക്തമായ വിമർശനം നേരിട്ടു. ഛത്രപതി ശിവാജി മഹാരാജിൻ്റെ പാദങ്ങളിൽ 100 തവണ തൊടാനും ആവശ്യമെങ്കിൽ പ്രതിമ തകർന്നതിൽ മാപ്പ് ചോദിക്കാനും മടിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ കോട്ടയിൽ കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി അനാച്ഛാദനം ചെയ്ത മറാത്താ സാമ്രാജ്യത്തിൻ്റെ സ്ഥാപകൻ ഛത്രപതി ശിവജി മഹാരാജിൻ്റെ 35 അടി ഉയരമുള്ള പ്രതിമ ഓഗസ്റ്റ് 26 -നാണ് തകർന്നുവീണത്. സിന്ധുദുർഗിലെ രാജ്‌കോട്ട് കോട്ടയിലാണ് പ്രതിമ സ്ഥാപിച്ചത്.