ന്യൂദൽഹി- ഈയടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് ഫലങ്ങളിലൊന്നാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. അവസാനിമിഷം വരെ ഇഞ്ചോടിഞ്ച് മത്സരം കാഴ്ച്ചവെച്ച പോരാട്ടത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണി അധികാരത്തിലെത്തിയെങ്കിലും തെരഞ്ഞെടുപ്പ് ഫലം മുന്നോട്ടുവെക്കുന്ന ഒട്ടേറെ നല്ല കാര്യങ്ങളുണ്ട്. അതിലൊന്ന് രാഹുൽ ഗാന്ധിയുടെ ജനപ്രീതിയിൽ വന്ന വർധനവാണ്.
ഈ തെരഞ്ഞെടുപ്പിൽ രണ്ടിടത്ത് മത്സരിച്ച രാഹുൽ ഗാന്ധിക്ക് രണ്ടിടത്തും വിജയിക്കാനായി. റായ്ബറേലിയിൽ അമ്മയും കോൺഗ്രസ് നേതാവുമായ സോണിയ ഗാന്ധിയുടെ ഭൂരിപക്ഷത്തെ രാഹുൽ മറികടന്നു. വയനാട്ടിലും ഭൂരിപക്ഷം മൂന്നു ലക്ഷത്തിന് മുകളിലാണ്. ഇന്ത്യയിലെഏറ്റവും വിശ്വസ്തനായ നേതാക്കളിൽ ഒരാൾ എന്ന തലത്തിലേക്ക് രാഹുൽ മാറിയിരിക്കുന്നു എന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന മറ്റൊരു സൂചന.
സ്വയം ദൈവമായും അവതാരമായും വിശേഷിപ്പിച്ചുള്ള നരേന്ദ്രമോഡിയുടെ പ്രതിച്ഛായ തകർന്നുപോയെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. മോഡിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പു കാലത്ത് പ്രചരിപ്പിച്ച വെറുപ്പിന്റെ പ്രചാരണങ്ങളെല്ലാം ജനം തള്ളിക്കളയുകയും ചെയ്തു. അയോധ്യയിൽ പോലും ബി.ജെ.പിക്ക് വിജയിക്കാനായില്ല എന്ന് തെളിയിക്കുന്നത് മോഡിയുടെ കൾട്ട് ഇടിഞ്ഞുപോയിരിക്കുന്നുവെന്നാണ്.