ന്യൂദൽഹി- ഇന്ത്യയുടെ പ്രധാനമന്ത്രിയായി മൂന്നാമതും നരേന്ദ്രമോഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കെടുത്തു. മോഡിക്കൊപ്പം 71 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ വീണ്ടും മന്ത്രിയായി.
2014 മുതൽ 2019 വരെയുള്ള പ്രധാനമന്ത്രി മോഡിയുടെ ആദ്യ മന്ത്രിസഭയിൽ ആരോഗ്യ മന്ത്രാലയത്തിൻ്റെ ചുമതല നദ്ദയ്ക്കായിരുന്നു. 2020ൽ അമിത് ഷായെ മാറ്റി ബിജെപി അധ്യക്ഷനായി ചുമതലയേറ്റു.
ഇന്ന് വൈകുന്നേരം രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ നിരവധി എൻഡിഎ സഖ്യകക്ഷികൾ പങ്കെടുത്തു. പതിനാറു സീറ്റുകൾ നേടിയ ചന്ദ്രബാബു നായിഡുവിൻ്റെ തെലുങ്ക് ദേശം പാർട്ടിയും നിതീഷ് കുമാറിൻ്റെ ജനതാദൾ യുണൈറ്റഡുമായിരുന്നു ചടങ്ങിലെ ശ്രദ്ധാകേന്ദ്രം. 240 സീറ്റുകളാണ് ബി.ജെ.പിക്ക് നേടാനായത്.
30 കാബിനറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്ര ചുമതലകളുള്ള 36 സഹമന്ത്രിമാരുമാണ് മന്ത്രിസഭയിലുള്ളത്. വകുപ്പുകൾ പിന്നീട് പ്രഖ്യാപിക്കും. ഇതാദ്യമായാണ് മോഡി ഒരു സഖ്യസർക്കാറിന് നേതൃത്വം നൽകുന്നത്. രാഷ്ട്രപതി ഭവനിലെ പുൽത്തകിടിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. മോഡിക്ക് ശേഷം രാജ്‌നാഥ് സിങ്ങും അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് നിതിൻ ഗഡ്കരി. ജെപി നദ്ദ, ശിവരാജ് സിംഗ് ചൗഹാൻ, നിർമല സീതാരാമൻ, എസ് ജയശങ്കർ, മനോഹർ ലാൽ ഖട്ടർ എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.
ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എന്നിവരുൾപ്പെടെയുള്ള ലോകനേതാക്കൾ ചടങ്ങിനെത്തിയിരുന്നു.