മലപ്പുറം– പ്രവാസി പെൻഷന്റെ പ്രായപരിധി അറുപത്തിയഞ്ച് വയസ്സുവരെയാക്കി ഉയർത്താൻ ആലോചനയെന്ന് പ്രവാസിക്ഷേമം സംബന്ധിച്ച നിയമസഭ അധ്യക്ഷൻ എ.സി മൊയ്‌തീൻ എം.എൽ.എ. അറുപത്തിയഞ്ച് വയസ്സ് വരെയുള്ളവർക്ക് പ്രവാസി ക്ഷേമനിധിയിൽ അംഗത്വം നൽകണമെന്ന് പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തോട് നിയമസഭ സമിതിക്ക് യോജിപ്പാണുള്ളതെന്ന് ചെയർമാൻ എ.സി മൊയ്‌തീൻ എം.എൽ.എ അറിയിച്ചു.
നിലവിൽ അറുപത് വയസ്സ് വരെയുള്ളവർക്കാണ് പ്രവാസി ക്ഷേമനിധിയിൽ അംഗത്വത്തിന് അർഹത. ഇത് അറുപത്തിയഞ്ച് വയസ്സുവരെയാക്കി ഉയർത്തണമെന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം. അറുപത് കഴിഞ്ഞവരെ പദ്ധതിയിൽ ചേർക്കുന്നതിനോട് ധന വകുപ്പിന്റെ അഭിപ്രായം അറിയണമെന്നും പ്രവാസി ക്ഷേമനിധിയുടെ പ്രായപരിധി ഉയർത്തിയാൽ ഇതര ക്ഷേമനിധികളിലും ഇതേ ആവശ്യം ഉയർന്നുവരാനിടയുണ്ട് അതും നോക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാനുഷിക പരിഗണനയുടെ പേരിൽ ഉന്നയിച്ച ആവശ്യത്തിൽ എന്തുചെയ്യണമെന്ന് സമിതി കൂടിയാലോചിക്കും. പ്രവാസി കെയർ പദ്ധതിയിൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കും. പ്രവാസികൾ നടത്തണമെന്നും എ.സി മൊയ്‌തീൻ എം.എൽ.എ പറഞ്ഞു.