മുംബൈ: ഇന്ത്യയിലെ വിവിധ വിമാന കമ്പനികൾക്ക് വ്യാജ ബോംബ് ഭീഷണി അയച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്തയാളെ പോലീസ് പിടികൂടി. മുംബൈ പോലീസാണ് ഇയാളെ പിടികൂടിയത്. കാനഡയിലെ വിദൂര വിമാനത്താവളത്തിലടക്കം വിമാനം എമർജൻസി ലാന്റിംഗ് നടത്തുകയും മറ്റു നിരവധി വിമാനങ്ങൾ വഴിത്തിരിച്ചുവിടുകയും ചെയ്ത സംഭവത്തിലാണ് കുട്ടിയെ പിടികൂടിയത്. പണത്തെച്ചൊല്ലി തർക്കമുണ്ടായിരുന്ന സുഹൃത്തിനെ കള്ളക്കേസിൽ കുടുക്കാൻ വേണ്ടിയാണ് ബോംബ് ഭീഷണി മുഴക്കിയത് എന്നാണ് കുട്ടി പറയുന്നത്.
ഛത്തീസ്‌ഗഡിലെ രാജ്‌നന്ദ്‌ഗാവിൽ നിന്നുള്ള 17 വയസ്സുകാരനെയും പിതാവിനെയും മുംബൈ പോലീസ് ചൊവ്വാഴ്ച വിളിപ്പിച്ചിരുന്നു. കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പിതാവിനെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. കൗമാരക്കാരൻ താനുമായി തർക്കത്തിലുള്ള സുഹൃത്തിൻ്റെ പേരിൽ എക്‌സിൽ ഒരു ഹാൻഡിൽ തുടങ്ങിയാണ് ബോംബ് ഭീഷണി മുഴക്കിയത്. തിങ്കളാഴ്ച നാലുമുതലാണ് ഭീഷണി സന്ദേശം അയച്ചുതുടങ്ങിയത്. 12 വിമാനങ്ങൾക്കാണ് ഇയാൾ ഭീഷണി സന്ദേശം അയച്ചിരുന്നത്. തിങ്കളാഴ്ച നാലു വിമാനങ്ങൾക്ക് നേരെ ഭീഷണി സന്ദേശം അയച്ചതിൽ മൂന്നെണ്ണം രാജ്യാന്തര വിമാനങ്ങൾക്ക് നേരെയായിരുന്നു.