ജിദ്ദ – മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്സ് സോണ്‍ ജിദ്ദ ഇസ്ലാമിക് പോര്‍ട്ടില്‍ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന് ഉദ്ഘാടനം ചെയ്തു. ഗതാഗത, ലോജിസ്റ്റിക്സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ ചടങ്ങില്‍ സംബന്ധിച്ചു. 130 കോടി റിയാല്‍ ചെലവഴിച്ച് മെഴ്സ്ക് കമ്പനിയാണ് ലോജിസ്റ്റിക്സ് സോണ്‍ സ്ഥാപിച്ചിരിക്കുന്നത്. മധ്യപൗരസ്ത്യദേശത്ത് മെര്‍സ്ക് കമ്പനി സ്ഥാപിക്കുന്ന ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്സ് സോണ്‍ ആണിത്.
രണ്ടേകാല്‍ ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് ലോജിസ്റ്റിക്സ് സോണ്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രതിവര്‍ഷം രണ്ടു ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള പുതിയ സോണ്‍ വിതരണ ശൃംഖലകളെ പരസ്പരം ബന്ധിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യുന്ന ഒരുകൂട്ടം ലോജിസ്റ്റിക്കല്‍ സൊല്യൂഷനുകള്‍ നല്കുന്നു.
പ്രത്യക്ഷമായും പരോക്ഷമായും 2,500 ലേറെ തൊഴിലവസരങ്ങളും പദ്ധതി സൃഷ്ടിക്കും. സൗദി വനിതകള്‍ക്ക് പരിശീലനം നല്‍കാനുള്ള അക്കാദമി, കയറ്റുമതിക്കും ഇറക്കുമതിക്കുമുള്ള സംഭരണ, വിതരണ മേഖലകള്‍, ശീതീകരിച്ച ഭക്ഷ്യവസ്തുക്കള്‍ക്കുള്ള വെയര്‍ഹൗസുകള്‍, ട്രാന്‍സ്ഷിപ്പ്മെന്റ്, എയര്‍ കാര്‍ഗോ, ചരക്ക് നീക്കം എന്നിവക്കുള്ള മേഖല, ഇ-കൊമേഴ്സ് കേന്ദ്രം എന്നിവ പുതിയ ലോജിസ്റ്റിക്സ് സോണില്‍ ഉള്‍പ്പെടുന്നു.
ജിദ്ദ തുറമുഖത്തെ മെഴ്സ്ക് ലോജിസ്റ്റിക്സ് സോണ്‍ തുറമുഖ സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് സൗദി പോര്‍ട്ട്സ് അതോറ്റി സി.ഇ.ഒ ഉമര്‍ ഹരീരി പറഞ്ഞു. മേഖലയിലെ ഏറ്റവും വലിയ തുറമുഖമായ ജിദ്ദ തുറമുഖത്തിന്റെ ആകര്‍ഷണീയത പുതിയ പദ്ധതി സ്ഥിരീകരിക്കുന്നു. പുതിയ ലോജിസ്റ്റിക്സ് സോണ്‍ ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമെന്ന നിലയിലും മൂന്നു ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന കേന്ദ്രമെന്ന നിലയിലും സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കാനും സഹായിക്കും.
സൗദി പോര്‍ട്ട്സ് അതോറിറ്റിക്കു കീഴിലെ ജിദ്ദ, ദമാം തുറമുഖങ്ങളില്‍ ആകെ 60 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള സ്ഥലങ്ങളില്‍ 1,000 കോടി റിയാല്‍ നിക്ഷേപങ്ങളോടെ 18 ലോജിസ്റ്റിക്സ് സോണുകള്‍ സ്ഥാപിക്കാന്‍ കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. ജിദ്ദ തുറമുഖത്ത് പത്തും ദമാം തുറമുഖത്ത് എട്ടും ലോജിസ്റ്റിക്സ് സോണുകളാണ് വന്‍കിട ആഗോള കമ്പനികളുമായി സഹകരിച്ച് സ്ഥാപിക്കുന്നതെന്നും ഉമര്‍ ഹരീരി പറഞ്ഞു.
ആഗോള തലത്തില്‍ ലോജിസ്റ്റിക്സ് സേവന മേഖലയില്‍ മെഴ്സ്ക് കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണ് ജിദ്ദ തുറമുഖത്തിലെതെന്ന് മെഴ്സ്ക് സൗദി എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ശിഹാബ് പറഞ്ഞു. ജിദ്ദ തുറമുഖത്തെ പുതിയ ലോജിസ്റ്റിക്സ് സോണിലെ കെട്ടിടത്തിനു മുകളില്‍ 32,000 സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 32 ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വിസ്തൃതിയിലാണ് പുതിയ ലോജിസ്റ്റിക്സ് സോണ്‍ സ്ഥാപിച്ചിരിക്കുന്നത്. ആഗോള വ്യാപാര പ്രവാഹത്തിന്റെ വലിയൊരു പങ്ക് ആകര്‍ഷിക്കാനും ഈ മേഖലയിലെ എതിരാളികളെ മറികടക്കാനും കഴിവുള്ള ഒരു ആഗോള ലോജിസ്റ്റിക്സ് പ്ലാറ്റ്ഫോമായി സൗദി അറേബ്യയെ മാറ്റാന്‍ ശ്രമിച്ചുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിതെന്നും മുഹമ്മദ് ശിഹാബ് പറഞ്ഞു.