ഒട്ടാവ: കാനഡയിലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മൈക്ക് കാർണി നേതൃത്വം നൽകുന്ന ലിബറൽ പാർട്ടിക്ക് ജയം. വോട്ടെണ്ണൽ പൂർത്തിയായിട്ടില്ലെങ്കിലും, തുടർച്ചയായ നാലാം തവണയും ലിബറൽ പാർട്ടി ഗവൺമെന്റ് രൂപീകരിക്കും എന്നാണ് നിലവിലെ സൂചന. പ്രതിപക്ഷ കക്ഷിയായ കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയ്‌ലിവർ പരാജയം സമ്മതിച്ചു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ കാനഡ വിരുദ്ധ നിലപാടുകൾ ചർച്ചയാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട ലിബറൽ പാർട്ടി, കടുത്ത ഭരണവിരുദ്ധ വികാരത്തെ കീഴ്മേൽ മറിച്ചാണ് ഭരണത്തുടർച്ച നേടിയത്.
മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചതിനു പിന്നാലെ പാർട്ടിയിലെ ഉന്നത പദവി ഏറ്റെടുത്ത മൈക്ക് കാർണി, ട്രംപിന്റെ കാനഡ വിരുദ്ധ നിലപാടുകൾക്കെതിരെ നിലകൊണ്ടാണ് ജനപ്രിയത പിടിച്ചുപറ്റിയത്. അയൽ രാഷ്ട്രമായ കാനഡയെ അമേരിക്കയുടെ 51ാമത്തെ സ്റ്റേറ്റ് ആക്കി മാറ്റും എന്ന ട്രംപിൻറെ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അമേരിക്കയുടെ ഏറ്റവുമടുത്ത കച്ചവട പങ്കാളിയായിരുന്ന കാനഡക്കു മേൽ ട്രംപ് തീരുവ ഏർപ്പെടുത്തിയതും കാർണി ചർച്ചാ വിഷയമാക്കി.
ട്രൂഡോ സ്ഥനമൊഴിയുമ്പോൾ ജനപ്രീതിയിൽ ഏറെ പിറകിലായിരുന്ന ലിബറൽ പാർട്ടി, അധികാരം നിലനിർത്താൻ സാദ്ധ്യത ഇല്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. വിലക്കയറ്റവും ജീവിതച്ചെലവ് വർധിച്ചതും കൺസർവേറ്റീവ് പാർട്ടിയുടെ സാദ്ധ്യതകൾ ശക്തമാക്കി. എന്നാൽ പതിറ്റാണ്ടുകൾ ബാങ്കിംഗ് മേഖലയിൽ പ്രവർത്തിച്ചു പരിചയമുള്ള കാർണി സുപ്രധാന നയരൂപീകരണങ്ങളിലൂടെ ജനവിശ്വാസം നേടിയെടുത്തു. അമേരിക്കയെ ആശ്രയിക്കുന്നത് കുറക്കാനും സ്വന്തം നാട്ടിൽ നിർമാണം വർധിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു.
പ്രധാനമന്ത്രിയാകുന്നതിനു മുമ്പ് രാഷ്ട്രീയത്തിൽ പ്രവൃത്തി പരിചയമില്ലാതിരുന്ന കാർണി, ട്രംപിന്റെ നയങ്ങളെ പരസ്യമായി എതിർത്തും യു.എസ് പ്രസിഡണ്ടിനെ വെല്ലുവിളിച്ചുമാണ് പൊതുജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റിയത്. സെൻട്രൽ ബാങ്കിങ് രംഗത്തെ തന്റെ പതിറ്റാണ്ടുകളുടെ പ്രവൃത്തിപരിചയവും, 2008-ലെ സാമ്പത്തിക മാന്ദ്യകാലത്ത് കാനഡയെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞതും ജനങ്ങളെ ബോധിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. അമേരിക്കയുടെ സ്വാധീനം മറികടന്ന് മുന്നോട്ടു പോയാൽ മാത്രമേ രാജ്യത്തിന് ഭാവിയുള്ളൂ എന്നും വൻകിട കോർപറേറ്റ് കമ്പനികളുടെ പ്രവർത്തന രീതികൾ രാജ്യഭരണത്തിൽ ഉപയോഗപ്പെടുത്തുന്നത് ഗുണം ചെയ്യുമെന്നും പരസ്യമായി പ്രഖ്യാപിച്ച കാർണി, കാനഡയുടെ സ്റ്റീലിനും അലുമിനിയത്തിലും അമേരിക്കയ്ക്കു പുറത്ത് വിപണി ഉണ്ടാക്കുന്നതിനാവശ്യമായ പദ്ധതികളും ആവിഷ്കരിച്ചു. തങ്ങളുടെ ഉൽപ്പന്നങ്ങൾക്കു മേൽ 25 ശതമാനം തീരുവ ഏർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടി കാനഡയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് സമ്മതിച്ച അദ്ദേഹം, അതിൽ നിന്ന് മുന്നോട്ടുപോകാൻ വാണിജ്യമേഖലയിലെ തന്റെ പ്രവൃത്തിപരിചയം കൊണ്ട് കഴിയുമെന്ന ശുഭാപ്തി വിശ്വാസവും പ്രകടിപ്പിച്ചു.
ട്രംപിന്റെ ഭീഷണികളെ എതിർക്കുമ്പോഴും അമേരിക്കയുമായി യോജിച്ചു മുന്നോട്ടു പോകാൻ ശ്രമിക്കുമെന്നും പരസ്പരധാരണയോടെയുള്ള പ്രവൃത്തികൾ ഇരുരാജ്യങ്ങൾക്കും ഗുണം ചെയ്യുമെന്നും കാർണി പറഞ്ഞു.