ജിദ്ദ- ആയിരം പാദസരങ്ങളുടെ കിലുക്കത്തോടെ ആസ്വാദക ലോകത്ത് വെന്നിക്കൊടി പാറിച്ച മിയക്കുട്ടി ( മിയ ഇസ മെഹക്) എന്ന നാലാം ക്ലാസ്സുകാരി ഇതാദ്യമായി ജിദ്ദയിൽ. ഉപ്പ അസ്ലം ഷെഹ്നാസിൽനിന്ന് കേട്ടു പഠിച്ച പാട്ടുമായി ലോകം കീഴടക്കിയ മിയക്കുട്ടിയെ കേൾക്കാനൊരുങ്ങിയിരിക്കുകയാണ് ജിദ്ദയിലെ സഹൃദയ ലോകം. പരമ്പരാഗത സംഗീതത്തിന്റെ മാന്ത്രിക ലോകം തുറന്നിട്ട കൊച്ചിയിൽ ജനിച്ച മിയക്കുട്ടി, ഇഇതിനോടകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ ഏറ്റവും മികച്ച ട്രൂപ്പിനൊപ്പം പാടിയതിന്റെ അനുഭവവും മിയക്കുണ്ട്. ഫ്ലവേഴ്സ് ചാനലിന്റെ ടോപ് സിംഗറിൽ നൂറ്റമ്പതോളം പാട്ടുകൾ പാടി മിയയെ അറിയാത്ത പാട്ടു പ്രേമികളില്ല. കേരളത്തിനകത്തും പുറത്തും ഈ കൊച്ചു ഗായികയ്ക്ക് ആരാധകർ ഏറെ. പാട്ടിനൊപ്പം ഏവരെയും ആകർഷിക്കുന്ന വർത്തമാനവുമായാണ് മിയ ലോകത്താകമാനം ആരാധകരെ ഉണ്ടാക്കിയത്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ പാട്ടുയാത്ര ഇപ്പോഴും തുടരുന്നു. മൂത്ത സഹോദരി ദിയ ആയിശയും ( ഇപ്പോൾ ചൈനയിൽ മെഡിസിന് പഠിക്കുന്നു)നന്നായി പാടും.

ആദ്യമായാണ് ജിദ്ദയിൽ എത്തുന്നതെന്നും അതിന്റെ എക്സൈറ്റ്മെന്റുണ്ടെന്നും മിയക്കുട്ടി ‘ദ മലയാളം ന്യൂസി’ നോട് പറഞ്ഞു. പാട്ടിനൊപ്പം മിയ തെരഞ്ഞെടുക്കുന്ന വസ്ത്രവും ഏറെ ആളുകളെ ആകർഷിച്ചിരുന്നു. എല്ലാ വസ്ത്രവും സെലക്ട് ചെയ്യുന്നതും ഡിസൈൻ ചെയ്യുന്നതും ഉമ്മ റജീന അസ്ലം ആണെന്നും മിയ പറഞ്ഞു. ഉപ്പക്കും ഉമ്മക്കും സഹോദരൻ സയാൻ മുഹമ്മദിനും ഒപ്പമാണ് മിയ സൗദിയിൽ എത്തിയത്.
മിയയുടെ ഉപ്പയുടെ ഉപ്പയുടെയും ഉമ്മയുടെയും പാരമ്പര്യമാണ് മിയക്ക് കിട്ടിയത്. ഇരുവരും പാട്ട് എഴുതുകയും പാടുകയും ചെയ്യുമായിരുന്നു. മാമയുടെ വീട്ടിൽ താമസിക്കാൻ എത്തിയപ്പോൾ മിയയുടെ സഹോദരി ദിയ ആയിശ പാടുമെന്നത് അവർക്ക് മനസിലായത്. ആ സമയത്ത് അവളെ പാട്ടുപഠിപ്പിച്ചു. ആ സമയത്ത് മിയ ഉമ്മയുടെ വയറ്റിലാണ്. അതാണ് ഞാൻ ജനിക്കുന്നതിന് മുമ്പു തന്നെ പാട്ടു കേൾക്കാറുണ്ടെന്ന് ഒരു അഭിമുഖത്തിൽ മിയ പറഞ്ഞത്. ഫയാസ് ഖാൻ എന്ന ഗായകന്റെ കീഴിലാണ് നിലവിൽ ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്നത്.
മുംബൈയിൽ മൂന്നു മാസം പാട്ടുപഠിക്കാൻ പോയെങ്കിലും ഭക്ഷണം പിടിക്കാതായതോടെ തിരിച്ചുപോന്നു. വയറിൽ മൊഡ്യൂൾസ് വന്നതോടെയാണ് മുംബൈ വാസം അവസാനിപ്പിച്ചത്. ചിരിച്ചും പറഞ്ഞും പാടിയും മിയ ആരാധകർക്കിടയിലൂടെ പാട്ടുയാത്ര തുടരുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണയാണ്, ദൈവികമായ വരദാനം പോലെ ലഭിച്ച സംഗീത സിദ്ധി ഈ ഇളം പ്രതിഭയിൽ ഈ വിധത്തിൽ പൂത്തുലഞ്ഞു നിൽക്കാ ൻ കാരണം. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ മിയക്കുട്ടിക്ക് കഴിയും എന്ന് ഉറപ്പ്.