ഗംഗാവലി പുഴയുടെ ഇരുകരകളിലൂടെ എഴുപത്തിരണ്ടു ദിവസമായി സങ്കടം വലിയൊരു കടലായി അലയടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അന്നേരം വരെ കരയിലുണ്ടായിരുന്ന അർജുൻ എന്ന യുവാവിനെയും അയാളുടെ ലോറിയെയും ഗംഗാവലി പുഴയുടെ ആഴങ്ങളിലേക്ക് വലിയ മണ്ണിടിച്ചിൽ കൊണ്ടുപോയ അന്നു മുതൽ തുടങ്ങിയതായിരുന്നു ഇത്. അർജുനെ കാണാതെ, കണ്ടെത്താനാകാതെ നാടാകെ കരഞ്ഞു. അന്നും ഇന്നും ഗംഗാവലിപ്പുഴയുടെ കരയിലൊരാൾ കാത്തിരിക്കുന്നുണ്ടായിരുന്നു. അർജുന്റെ ലോറിയുടെ ഉടമ മനാഫ്. വെറുമൊരു ലോറിയുടമ മാത്രമായിരുന്നില്ല മനാഫ്, അർജുന്റെ പ്രിയ കൂട്ടുകാരനുമായിരുന്നു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കാവൽക്കാരനായിരുന്നു അയാൾ. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കാവൽക്കാരനായി അയാൾ അടയാളപ്പെടുത്തപ്പെട്ടു.
ചോദിക്കുന്നവരോടെല്ലാം അർജുൻ ലോറിയിൽനിന്ന് എവിടെയും പോകില്ലെന്ന് അയാൾ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞു. അർജുനിനെ കിട്ടാതെ, അവനെ അവന്റെ അമ്മയെ ഏൽപ്പിക്കാതെ മടങ്ങില്ലെന്ന് അയാൾ കട്ടായം പറഞ്ഞു. ഏറെ പേർ അയാളെ പരിഹസിച്ചു. വാക്കുകളിൽ വന്ന പിഴവുകൾ കോരിയെടുത്തു മുള്ളുകളായി എറിഞ്ഞു. എല്ലാ പരിഹാസങ്ങൾക്കും ഒറ്റപ്പെടലുകൾക്ക് മധ്യേ മനാഫ് പ്രിയപ്പെട്ട അർജുന് വേണ്ടി കാത്തിരുന്നു. ഇന്ന് ഉച്ചയോടെ മനാഫിന്റെ കാത്തിരിപ്പിന് അറുതിയായിരിക്കുന്നു. ജീവനോടെയല്ലെങ്കിലും അർജുനെ കണ്ടെത്തിയിരിക്കുന്നു. അനന്തമായ കാത്തിരിപ്പിനൊടുവിൽ മനാഫ് ഗംഗാവലി തീരത്തിരുന്ന് പൊട്ടിക്കരഞ്ഞു.
അർജുനെ കൊണ്ടുവരുമെന്ന് ഞാനവന്റെ അമ്മയ്ക്ക് കൊടുത്ത വാക്കായിരുന്നു. അർജുനിനെ കണ്ടെത്തിയ നിമിഷം, ഇന്ന് മനാഫ് പറഞ്ഞു എനിക്കുറപ്പുണ്ടായിരുന്നു അർജുൻ എവിടെയും പോകില്ലെന്ന്. ലോറിയുടെ കാബിനുള്ളിൽ അവനുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. സങ്കടപ്പുഴയുടെ കരയിലിരുന്ന് വറ്റിപ്പോകാത്ത കണ്ണീരിന്റെ കടലുമായി അയാൾ പറഞ്ഞുകൊണ്ടയിരുന്നു. അയാളുടെ കണ്ണുനീരിന് കാത്തിരിപ്പിന്റെയും കരച്ചിലിന് സങ്കടത്തിന്റെയും നോവുണ്ടായിരുന്നു.
മനാഫ്, താങ്കളെന്തൊരു മനുഷ്യനാണ് എന്ന വാചകം സോഷ്യൽ മീഡിയ ഒന്നാകെ നിറഞ്ഞുകൊണ്ടിരിക്കുന്നു. മനുഷ്യൻ എത്ര സുന്ദരമായ പദമെന്ന വാചകം ജീവനുള്ള ഉടലായി ഗംഗാവലി പുഴയുടെ കരയിലിരുന്നു കണ്ണീരണിഞ്ഞ് സംസാരിച്ചുകൊണ്ടിരിക്കുന്നു. ആ ഉടലിന് ഇന്ന് നാം മനാഫ് എന്ന് പേരിട്ട് വിളിക്കുന്നു. മനാഫ്.. താങ്കളെന്തൊരു മനുഷ്യനാണ്.. സ്നേഹത്തിന്റെ കാവൽക്കാരനായി കാലം നിങ്ങളെ അടയാളപ്പെടുത്തിയിരിക്കുന്നു.