(കൂരാച്ചുണ്ട്) കോഴിക്കോട്: ബാലുശ്ശേരി കരിയാത്തുംപാറ പുഴയിലെ പാപ്പൻചാടികയത്തിനു താഴ്ഭാഗത്ത് എരപ്പാൻകയത്തിൽ കുളിക്കാനിറങ്ങിയ എട്ടംഗ സംഘത്തിലെ ഒരാൾ മുങ്ങി മരിച്ചു. തൂത്തുക്കുടി ഗവ. മെഡിക്കൽ കോളജിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി കോട്ടയം പാലാ ഏഴാശ്ശേരി സ്വദേശി പാലത്തിങ്കച്ചാലിൽ ജോർജ് ജേക്കബ് (20) ആണ് മുങ്ങി മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.
ഉള്ളിയേരിയിൽ കല്യാണത്തിനു വന്നതായിരുന്നു സംഘം. കൂരാച്ചുണ്ടിലെ വിദ്യാർത്ഥിയുടെ വീട്ടിലെത്തിയപ്പോഴാണ് ഇവർ കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോയയത്. തുടർന്ന് പുഴയിൽ ഇറങ്ങി കുളിക്കുന്നതിനിടെയാണ് അപകടം. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ കയത്തിൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.