തെല്‍ അവിവ്: തെക്കന്‍ ഇസ്രായീലില്‍ ബുധനാഴ്ച ശക്തിയേറിയ മണല്‍ക്കാറ്റ് ആഞ്ഞുവീശി ജനജീവിതം ദുരിതത്തിലായി. നെഗേവ് മരുഭൂമിയില്‍ നിന്നും അടിച്ചുവീശിയ പൊടിക്കാറ്റ് റോഡുകളിലും ജനവാസ മേഖലകളിലും കാഴ്ച പൂര്‍ണമായും മറച്ചു. നെഗേവിലെ ഇസ്രീയില്‍ സൈനിക കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തേയും പൊടിക്കാറ്റ് ബാധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
തെക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ കാറ്റുണ്ടാകുമെന്ന് നേരത്തെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊടുംചൂടിനെ തുടര്‍ന്ന് ജറൂസലേമിന്റെ പ്രാന്തപ്രദേശങ്ങളില്‍ ആളിപ്പടര്‍ന്ന കാട്ടുതീയെ വരുതിയിലാക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നതിനിടെയാണ് ശക്തിയേറിയ പൊടിക്കാറ്റും ദുരിതം വിതച്ചത്. ശക്തമായ കാറ്റുള്ളതിനാൽ കാട്ടുതീ ഇനിയും ആളിപ്പടരുമെന്ന ഭീതിയിലാണ് രാജ്യം. കാട്ടുതീയെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു വരികയാണ്. കാട്ടുതീയെ നിയന്ത്രിക്കാൻ അന്താരാഷ്ട്ര സഹായവും ഇസ്രായില്‍ തേടിയിട്ടുണ്ട്. ദുരന്തത്തെ തുടർന്ന് സ്വാതന്ത്ര്യദിനാഘോഷവും രാജ്യം ഉപേക്ഷിച്ചിരിക്കുകയാണ്.