ബുറൈദ – സൗദി അറേബ്യയിലെ അല്‍ഖസീം പ്രവിശ്യ പോഷകമൂല്യം നിറഞ്ഞ മരുഭൂകൂണ്‍ (ട്രഫിള്‍) സീസണിലൂടെയാണ് കടന്നുപോകുന്നത്. ഫഖ, കംഅ എന്നീ പേരുകളില്‍ പ്രാദേശികമായി അറിയപ്പെടുന്ന മരുഭൂകൂണ്‍ പോഷകമൂല്യത്തിനു പുറമെ പ്രകൃതിദത്ത സമ്പത്തായി കണക്കാക്കപ്പെടുന്നു. നേത്രരോഗ ശാന്തി ഉള്‍പ്പെടെ ഇതിന് നിരവധി ഗുണങ്ങളുണ്ട്. അല്‍ഖസീം പ്രവിശ്യയില്‍ മരുഭൂകൂണ്‍ കൃഷി വ്യാപകമാണ്.
ഫലഭൂയിഷ്ഠമായ മണ്ണ്, ശുദ്ധജല ലഭ്യത, അനുയോജ്യമായ അന്തരീക്ഷം, റഖ്‌റൂഖ് ചെടിയുടെ സാന്നിധ്യം തുടങ്ങിയ പ്രകൃതിദത്ത പാരിസ്ഥിതിക ഘടകങ്ങളാണ് അല്‍ഖസീം പ്രവിശ്യയില്‍ മരുഭൂകൂണ്‍ കൃഷിയുടെ വിജയത്തിന് കാരണം. അല്‍ഖസീമിന്റെ വടക്ക് ഭാഗത്തുള്ള ശരി, അല്‍സഈറ എന്നിവിടങ്ങളിലാണ് മരുഭൂകൂണ്‍ കൃഷി കൂടുതലുള്ളത്. റഖ്‌റൂഖ് ചെടിയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ മരുഭൂകൂണ്‍ സമൃദ്ധമായി വളരും.
അല്‍ഖസീം പ്രവിശ്യയില്‍ നാലിനം മരുഭൂകൂണുകളാണ് വിളയുന്നത്. ഇതില്‍ ഏറ്റവും പ്രശസ്തവും സമൃദ്ധവും മികച്ച രുചിയുള്ളതും അല്‍സുബൈദിയാണ്. അല്‍ജബായും അല്‍ഖലാസിയും അല്‍ബലൂഖുമാണ് മറ്റിനങ്ങള്‍. മരുഭൂകൂണിന് ധാരാളം ഗുണങ്ങളുണ്ട്. ഇതിലെ വെള്ളം കണ്ണുകള്‍ക്ക് രോഗശാന്തിയാണ്. മരുഭൂകൂണിലെ വെള്ളം നേത്രരോഗങ്ങള്‍ക്ക് ശാന്തിയാണെന്ന് പ്രവാചകന്‍ മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്.
ഇടയ മൃഗങ്ങള്‍ക്ക് സ്വാഭാവിക കാലിത്തീറ്റയായും മരുഭൂകൂണ്‍ ഉപയോഗിക്കുന്നു. പ്രത്യേക താപനില അനുഭവപ്പെടുന്ന സെപ്റ്റംബറിലാണ് ഫഖ കൃഷി ആരംഭിക്കുകയെന്ന് അല്‍ഖസീമിലെ കര്‍ഷകരില്‍ ഒരാളായ എന്‍ജിനീയര്‍ അബ്ദുല്‍കരീം അല്‍റശീദ് പറയുന്നു. ഇക്കാലത്ത് അല്‍ഖസീമിന്റെ വടക്കു ഭാഗത്ത് രാത്രിയില്‍ താപനില 15 ഡിഗ്രി മുതല്‍ 20 ഡിഗ്രി വരെയാകും. സെപ്റ്റംബര്‍ 25 ന് റഖ്‌റൂഖ് ചെടിയുള്ള സ്ഥലങ്ങളില്‍ വെള്ളം നനക്കും. ഇതിന് 50 ദിവസത്തിനു ശേഷം മരുഭൂകൂണ്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. നവംബര്‍ 20 ഓടെ ഉത്തര അല്‍ഖസീമില്‍ കൃഷി ചെയ്യുന്ന മരുഭൂകൂണ്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും.
കൃഷി ചെയ്യാതെ സ്വാഭാവിക രീതിയില്‍ വളരുന്ന മരുഭൂകൂണുകള്‍ ഡിസംബര്‍ മധ്യത്തോടെയാണ് പ്രത്യക്ഷപ്പെട്ടു തുടങ്ങുകയെന്നും എന്‍ജിനീയര്‍ അബ്ദുല്‍കരീം അല്‍റശീദ് പറയുന്നു.
അല്‍ഖസീം പ്രവിശ്യയിലെ നാലാമത് ഫഖ ഫെസ്റ്റിവല്‍ ഇപ്പോള്‍ നടന്നുവരികയാണ്. ഇത് പത്തു ദിവസം നീണ്ടുനില്‍ക്കും. മരുഭൂകൂണ്‍ പ്രദര്‍ശിപ്പിക്കാനുള്ള 18 സ്റ്റാളുകളും കൂണ്‍ ലേലത്തിനുള്ള കേന്ദ്രവും സ്വയംതൊഴില്‍ പദ്ധതികള്‍ നടപ്പാക്കുന്ന കുടുംബങ്ങള്‍ക്കുള്ള 32 സ്റ്റാളുകളും ഈത്തപ്പഴവും തേനും മറ്റു ഭക്ഷ്യവസ്തുക്കളും പ്രദര്‍ശിപ്പിക്കാനുള്ള സ്റ്റാളുകളും ഉത്സവ നഗരിയിലുണ്ട്. ഇതോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളും നടക്കുന്നു.